രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിൽ. അസം സർക്കാരിന്റെ വിലക്കിനെ അവഗണിച്ചാണ് യാത്ര ഗുവാഹത്തിൽ എത്തുന്നത്. രാഹുൽ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാൻ പോലും ഗുവാഹത്തിയിൽ അനുമതി ഇല്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.അതേസമയം ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സർക്കാർ വിശദീകരണം. ഇന്നലെ അസമിൽ ബട്ടദ്രവ സത്ര സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു.
രാഹുലിനോടൊപ്പം ഉണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.രാഹുൽഗാന്ധി നയിക്കുന്ന ന്യായ് യാത്രയ്ക്കെതിരെ അസമിൽ ബിജെപി പ്രതിഷേധം ശക്തമാണ്. മോറിഗാവിലെ ജാഗിറോഡിൽ ന്യായ് യാത്ര ബസ് കടന്നുപോകാൻ സാധിക്കാത്ത വിധത്തിൽ ബിജെപി പ്രവർത്തകർ തടിച്ചുകൂടുകയും പ്രതിഷേധിക്കയും ചെയ്തിരുന്നു. സംഘർഷ സാധ്യതമൂലം മോറിഗാവിൽ പൊതുപരിപാടിക്കും പദയാത്രയ്ക്കും പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
ഇതിനെ തുടർന്നുള്ള കോൺഗ്രസ്- ബിജെപി പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും തുടരുന്നതിനിടെയാണ് യാത്ര ഇന്ന് ഗുവാഹത്തിയിൽ എത്തുന്നത്. വിദ്യാർത്ഥികൾ, സമൂഹത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. കാൽനടയായും കാറിലും ബസിലുമായാണ് ഇന്നത്തെ യാത്ര.