പൂനെ: പൂനെയ്ക്ക് സമീപം മാലിന്‍ ഗ്രാമത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ട 29 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. ഇതോടെ ദുരന്തത്തിലെ മരണസംഖ്യ 76 ആയി. 80ഓളം പേര്‍ മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതും ചെളിയും രക്ഷാപ്രവര്‍ത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. 8പേരെ മാത്രമാണ് ഇതുവരെ ജീവനോടെ പുറത്തെടുക്കാനായത്. കൂടുതല്‍ പേര്‍ ജീവനോടെയുണ്ടോ എന്ന് തിരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍.
പൂനെയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള മാലിനിലെ 40 വീടുകളും ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. മരിച്ചവരില്‍ പലരെയും കൂട്ടമായി സംസ്‌ക്കരിക്കുകയാണ്.
വ്യാഴാഴ്ച ദുരന്തസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക്പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം ആശ്വാസധനം നല്‍കുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും അറിയിച്ചു.