സില്‍വര്‍ ലൈനില്‍ പ്രതിഷേധം കടുപ്പിക്കും, യു.ഡി.എഫ് നേതാക്കളുടെ യോഗം ഇന്ന്

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് രാവിലെ യുഡിഎഫ് യോഗം ചേരും. കക്ഷിനേതാക്കളുടെ അടിയന്തര യോഗമാണ് പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ 11 മണിക്ക് നടക്കുക. സില്‍വര്‍ ലൈന്‍ പദ്ധതിയെ സര്‍വ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കാനാണ് ഇന്നലെ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനിച്ചത്. കടുത്ത സമരങ്ങളുമായി മുന്നോട്ട് പോകാന്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു.

നേരത്തെ സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ രണ്ടാം ഘട്ട പതിഷേധ പരിപാടികള്‍ എന്തൊക്കെയെന്ന് ഇന്ന് യോഗത്തിന് ശേഷം അറിയിക്കും. താഴെ തട്ടില്‍ ജനകീയ പ്രതിരോധം തീര്‍ക്കുന്ന സമരങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. സില്‍വര്‍ ലൈന്‍ പദ്ധതി മൂലം വീട് നഷ്ടപ്പെടുന്നവരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗങ്ങള്‍ നടത്തും. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇതില്‍ യുഡിഎഫ് പ്രതിനിധികള്‍ പങ്കെടുക്കുമോ എന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനം എടുക്കും.

അതേസമയം സില്‍വര്‍ ലൈനിനായി സ്ഥാപിച്ചിട്ടുള്ള സര്‍വേ കല്ലുകള്‍ പിഴുതെറിയും എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ പറഞ്ഞത്. കെ റെയിലിനായി സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന് സുധാകരന്‍ പറഞ്ഞു. സിപിഎം ലക്ഷ്യം അഞ്ചു ശതമാനം കമ്മിഷനിലാണ്. സില്‍വര്‍ലൈനിനുവേണ്ടി മുഖ്യമന്ത്രി വാശി പിടിക്കുന്നത് ലാവലിന്‍ നേട്ടം ഓര്‍ത്താണ്. ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ല. വീടുകള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് പ്രചാരണം നടത്തും. ലഘുലേഖകള്‍ നല്‍കി ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ മനഃസമാധാനം തകര്‍ത്ത സംഭവമായി സില്‍വര്‍ ലൈന്‍ മാറി. ട്രാക്ക് പോകുന്ന പരിസരത്തുള്ളവരും പ്രതിസന്ധിയിലാകും. കല്ലിടുന്നത് കോടതിയലക്ഷ്യമാണ്. കോടതിയെ പോലും ബഹുമാനിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പ്രക്ഷോപരിപാടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും സുധാകരന്‍ അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *