‘കുടുംബത്തെ നോക്കി വീട്ടിലിരിക്കാന്‍ പറഞ്ഞു’; എം.എം.മണി അപമാനിച്ചെന്ന്‌ എസ് രാജേന്ദ്രന്‍


സിപിഎം ജില്ലാ സമ്മേളനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നേരിടുന്ന് അവഗണനകള്‍ ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മറ്റിക്കും മുന്‍ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ കത്തയച്ചു. എംഎല്‍എ ഓഫീസില്‍ വച്ച് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അറിയിച്ചപ്പോള്‍ മുന്‍ മന്ത്രി എം.എം.മണി തന്നെ അപമാനിച്ചുവെന്ന് കത്തില്‍ പറയുന്നു. കുടുംബത്തെ നോക്കി വീട്ടില്‍ ഇരിക്കാന്‍ എം.എം.മണി പറഞ്ഞുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു.


പരസ്യ അധിക്ഷേപത്തെ പേടിച്ചാണ് സമ്മേളനങ്ങളില്‍ പങ്കെടുക്കാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി ശശിയുടെ നേതൃത്വത്തില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നെന്ന് എസ് രാജേന്ദ്രന്‍ കത്തില്‍ പറയുന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചതാണ്. കെ വി ശശിയാണ് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.


യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കെ വി ശശി തന്നെ അപമാനിച്ചു. മുന്‍ മന്ത്രി എം എം മണിയും അപമാനിച്ചു. എംഎല്‍എ ഓഫീസില്‍ വച്ച് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അറിയിച്ചപ്പോള്‍ എം എം മണി തന്നോട് പറഞ്ഞത് അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനാണ്. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ സഹായിച്ചാല്‍ തന്റെ സ്വഭാവം മാറുമെന്നും എം എം മണി പറഞ്ഞു.

എം എം മണി പരസ്യമായി അപമാനിക്കുമെന്ന് പേടിച്ചാണ് ഇടുക്കിയില്‍ ഇപ്പോള്‍ നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും എസ് രാജേന്ദ്രന്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം താന്‍ ജില്ലാ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. താന്‍ ഒരു ജാതിപ്പേരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ തന്നെ അനുവദിക്കണമെന്നും എസ് രാജേന്ദ്രന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനാല്‍ എസ് രാജേന്ദ്രനെ പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരാതിയെത്തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത കാണിച്ചില്ല, പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു, ജാതിയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോക്കി തുടങ്ങിയവയാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഒരു വര്‍ഷത്തേക്ക് രാജേന്ദ്രനെ പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.



Sharing is Caring