അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാട് കടത്താനുള്ള ട്രംപിന്റെ നടപടിക്കെതിരെ ലോസ് ആഞ്ചലസിൽ പ്രതിഷേധം തുടരുന്നു


അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാട് കടത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ലോസ് ആഞ്ചലസിൽ പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം 700 മറൈന്‍ സൈനികരെ വിന്യസിച്ചു. ഇന്നലെ മുന്നൂറോളം വരുന്ന നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചതിന് പുറമേയാണിത്. പ്രതിഷേധം തുടര്‍ന്നാല്‍ 2000 നാഷണല്‍ ഗാര്‍ഡിനെ കൂടി അയയ്ക്കുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയ ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നാഷണല്‍ ഗാര്‍ഡുകളെ ഇറക്കി കലാപം ആളിക്കത്തിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം എന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പറഞ്ഞത്. പ്രാദേശിക പൊലീസിന് കൈകാര്യം ചെയ്യുന്ന പ്രശ്‌നങ്ങള്‍ മാത്രമേ നഗത്തിലുള്ളൂ എന്നും ഗവര്‍ണര്‍ പറഞ്ഞു.


ട്രംപ് ഭരണകൂടത്തിനെതിരെ ഗവര്‍ണര്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. 1965ന് ശേഷം ഇതാദ്യമായാണ് സംസ്ഥാന ഗവര്‍ണറുടെ അഭ്യര്‍ത്ഥനയില്ലാതെ പ്രസിഡന്റ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നത്.അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കത്തിനെതിരെയാണ് ലോസ് ആഞ്ചലസിൽ പ്രതിഷേധം പുകയുന്നത്. ശനിയാഴ്ച ലോസ് ആഞ്ചലസിലെ പാരമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമായിരുന്നു സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ട്രംപ് നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയതോടെ പ്രതിഷേധം കനക്കുകയായിരുന്നു.രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ലോസ് ആഞ്ചലസിൽ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ട്രംപ് ലോസ് അഞ്ചലസിനെ തന്നെ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്.


കഴിഞ്ഞ മാസം 239 അനധികത കുടിയേറ്റക്കാരെ നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ കര്‍ശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് മൂവായിരം പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഐസിഇക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് വ്യാപക പ്രതിഷേധത്തില്‍ കലാശിച്ചത്.



Sharing is Caring