ചൊവ്വാഴ്ച പുലർച്ചെ യുക്രെയ്നെതിരെ റഷ്യയുടെ ഡ്രോൺ ആക്രമണം


ചൊവ്വാഴ്ച പുലർച്ചെയും യുക്രെയ്നെതിരെ റഷ്യയുടെ ഡ്രോൺ ആക്രമണം. തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടാണ് ശക്തമായ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ തെക്കൻ തുറമുഖമായ ഒഡെസയിലെ ഒരു പ്രസവ വാർഡിന് കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ റഷ്യക്കെതിരെ യുക്രെയ്ൻ തിരിച്ചടിച്ചതായും റിപ്പോർട്ടുണ്ട്. യുക്രെയ്ൻ ആക്രമണത്തിന് പിന്നാലെ റഷ്യ നാല് വ്യോമതാവളങ്ങൾ അടച്ചിട്ടതായാണ് റിപ്പോർട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർത്തതായാണ് യുക്രെയ്ൻ്റെ അവകാശവാദം. 76 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായാണ് റഷ്യൻ സൈന്യത്തിൻ്റെ അവകാശവാദം.


തിങ്കളാഴ്ച പുലർച്ചെ റഷ്യ യുക്രെയ്നെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. നാനൂറിലേറെ ഡ്രോണുകളാണ് തിങ്കളാഴ്ച യുക്രെയ്നെതിരെ റഷ്യ തൊടുത്തുവിട്ടത്. ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സുരക്ഷാ സങ്കേതത്തിൽ അഭയം തേടാൻ ആളുകളോട് സൈന്യം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ന് പുലർച്ചെ നടന്ന റഷ്യൻ ആക്രമണങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ല.തിങ്കളാഴ്ച പുലർച്ചെയും യുക്രെയ്നെതിരെ റഷ്യ കനത്ത ഡ്രോൺ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി യുക്രെയ്നെതിരെ 479 ഡ്രോണുകളും 20 മിസൈലുകളും തൊടുത്തുവിട്ടതായി യുക്രെയ്ൻ വ്യോമസേന സ്ഥിരീകരിച്ചതായാണ് റിപ്പോർ‌ട്ട്. തിങ്കളാഴ്ച പുലർച്ചെ 460 റഷ്യൻ ഡ്രോണുകളും 19 മിസൈലുകളും തകർത്തതായും യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടിട്ടുണ്ട്.


റഷ്യയുടെ വ്യോമതാവളങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി 40ഓളം യുദ്ധവിമാനങ്ങൾ യുക്രെയ്ൻ തകർത്തതിന് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുന്നത്.അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വെടിനിർത്തൽ നീക്കങ്ങൾക്ക് ഇടെയാണ് റഷ്യ യുക്രെയ്നിൽ ആക്രമണം ശക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും തടവുകാരെ കൈമാറാൻ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ വീണ്ടും ആക്രമണം കടുപ്പിച്ചിരിക്കുന്നത്. നിരവധി ലക്ഷ്യങ്ങളിലേക്ക് റഷ്യ തൊടുത്തുവിട്ട നൂറുകണക്കിന് പ്രൊജക്‌ടൈലുകളിൽ 10 എണ്ണം മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുള്ളൂവെന്നാണ് യുക്രെയ്ൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. വ്യോമാക്രമണത്തിനൊപ്പം റഷ്യയുടെ യുക്രെയ്ൻ അധിനിവേശ പ്രദേശങ്ങളിൽ കര ആക്രമണവും ശക്തിപ്പെട്ടതായും റിപ്പോർട്ടുണ്ട്.



Sharing is Caring