മാഡ്‌ലീന്‍ ബോട്ടിലുണ്ടായിരുന്ന ഗ്രെറ്റ തൻബർഗ് ഉൾപ്പെടെയുള്ള 12 ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കാനായി ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ എത്തിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് മന്ത്രാലയം ഈ കാര്യം അറിയിച്ചിരിക്കുന്നത്. അറസ്റ്റിലായ ആക്ടിവിസ്റ്റുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിൽ നിന്ന് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നാടുകടത്തൽ രേഖകളിൽ ഒപ്പിടാൻ വിസമ്മതിക്കുന്നവരെ ഇസ്രയേലി നിയമം അനുസരിച്ച് ജുഡീഷ്യൽ അതോറിറ്റിയുടെ മുമ്പാകെ ഹാജരാക്കുമെന്നും പ്രസ്താവന ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധിമാർ ഇവരെ വിമാനത്താവളത്തിൽ എത്തി കണ്ടാതായും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.മാഡ്‌ലീന്‍ ബോട്ടിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ഇസ്രയേലിലെ അഷ്‌ദോദ് തുറമുഖത്തേക്ക് കൊണ്ടുപോയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ സ്വീഡിഷ് കാലാവസ്ഥാ പ്രചാരണ പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗിന്റെ ഫോട്ടോ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തു വിടുകയും ചെയ്തിരുന്നു.

ഗ്രെറ്റയുൾപ്പെടെയുളള പതിനൊന്ന് യാത്രക്കാർ വൈദ്യപരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം തന്നെ അറിയിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.മാഡ്‌ലീന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ എവിടെയാണെന്ന് വ്യക്തമല്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതിന് പിന്നാലെ യാത്രക്കാർ സുരക്ഷിതമായി ഇസ്രയേലി തീരത്തേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കി ഇസ്രയേൽ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇസ്രയേലിൽ നിന്ന് 1,200-ലധികം സഹായ ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചിരുന്നു. ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കാൻ വഴികളുണ്ട്. യാത്രക്കാർ ഏൽപ്പിച്ച ചെറിയ തുക മാനുഷിക മാർഗങ്ങളിലൂടെ ഗാസയിൽ എത്തിക്കുമെന്നും ഇസ്രയേൽ എക്സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.













