കെ സുധാകരനും വി.ഡി.സതീശനും ഒപ്പം തരൂരിനെ കൊച്ചിയിൽ ഇറക്കാൻ പ്രൊഫഷണൽ കോണ്‍ഗ്രസ്

ശശി തരൂരിന്‍റെ സാന്നിധ്യം സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളിൽ ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാൻ നീക്കവുമായി പ്രൊഫഷണൽ കോൺഗ്രസ്. ‘ഡിക്കോഡ്’ എന്ന സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടാണ് തരൂരിന് ക്ഷണം.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒപ്പമാണ് ശശി തരൂരിനും ക്ഷണം.മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയാണ് പ്രചാരണം. ഡോ.എസ്‍ എസ് ലാലും മാത്യു കുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണിവരെ വിവിധി സെഷനുകളിലായിട്ടാണ് പരിപാടി. മൂന്ന് നേതാക്കളും ഒരുമിച്ച് പങ്കെടുക്കുമോ എന്നതും ശ്രദ്ധേയമാണ്.

രാഷ്ട്രീയ കോളിളക്കങ്ങളുണ്ടാക്കിയ മലബാര്‍ പര്യടനത്തിന് ശേഷം സ്വന്തം തട്ടകത്തിലെ പാര്‍ട്ടി സമരവേദിയിലും തരൂര്‍ സജീവമാകുകയാണ്. കോര്‍പറേഷന് മുന്നിലെ യുഡിഎഫ് സമരവേദിയിൽ സ്ഥലം എംപിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ച ഔദ്യോഗിക നേതൃത്വത്തിന് പരോക്ഷ മറുപടിയും തരൂര്‍ നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *