അയോധ്യയില്‍ വീണ്ടും സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

അയോധ്യയില്‍ വീണ്ടും സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയശേഷം മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ക്ഷേത്ര പരിസരത്ത് റോഡ് ഷോയും നടത്തി. ജനുവരി 22 ന് അയോധ്യയില്‍ പ്രാണ പ്രതിഷ്ഠ നടന്നതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ദര്‍ശനമാണിത്.

ഉത്തര്‍പ്രദേശിലെ ഇറ്റാവയിലും ധൗരഹ്റയിലും നടന്ന പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. കോണ്‍ഗ്രസിനെയും സമാജ്വാദി പാര്‍ട്ടിയെയും കടന്നാക്രമിച്ച മോദി, ഇരുപാര്‍ട്ടികളുടെയും ഉദ്ദേശങ്ങള്‍ നല്ലതല്ലെന്നും അവരുടെ മുദ്രാവാക്യങ്ങള്‍ കള്ളമാണെന്നും വിമര്‍ശിച്ചു.
ഇരുപാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത് അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ വോട്ട് ബാങ്കുകള്‍ക്കും വേണ്ടി മാത്രമാണ്.

എന്നാല്‍ സത്യസന്ധതയോടെ ജനങ്ങളെ സേവിക്കലാണ് തന്റെ ധര്‍മം. ചിലര്‍ മെയിന്‍പുരി, കനൗജ്, ഇറ്റാവ എന്നിവയെ തങ്ങളുടെ പൈതൃകമായി കണക്കാക്കുമ്പോള്‍ മറ്റുചിലര്‍ അമേഠിയെയും റായ്ബറേലിയെയും പൈതൃകമായി കണക്കാക്കുന്നതെന്ന് കോണ്‍ഗ്രസിനെയും മോദി വിമര്‍ശിച്ചു.ഇന്ത്യാ സഖ്യത്തിലെ അംഗങ്ങളായ എസ്പിയും കോണ്‍ഗ്രസും സഖ്യകക്ഷികളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

‘എസ്പിയും കോണ്‍ഗ്രസും തിരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അവരുടെയും കുട്ടികളുടെയും ഭാവിക്ക് വേണ്ടിയാണ്. അവര്‍ കുടുംബങ്ങള്‍ക്കും വോട്ട് ബാങ്കുകള്‍ക്കും നേട്ടമുണ്ടാക്കാന്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്’ മോദി ആരോപിച്ചു.93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന്റെ സമാപനത്തോടൊപ്പമായിരുന്നു മോദിയുടെ അയോധ്യ സന്ദര്‍ശനം.

മോദിയുടെയും യോഗി ആദിത്യനാഥിന്റെയും കട്ടൗട്ടുകള്‍ അയോധ്യയിലേക്കുള്ള വഴിയില്‍ അലങ്കരിച്ചിട്ടുണ്ട്. അഞ്ചാം ഘട്ടത്തില്‍ മെയ് 20നാണ് അയോധ്യയിലെ ഫൈസാബാദില്‍ വോട്ടെടുപ്പ്. ക്ഷേത്രത്തില്‍ പ്രാര്‍ഥനകള്‍ നടത്തിയ ശേഷമാണ് പ്രധാനമന്ത്രി റോഡ്ഷോ ആരംഭിച്ചത്. ഫൈസാബാദ് ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിങ്ങും ഒപ്പമുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *