സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടുത്ത ചൂടിന്റെ അടിസ്ഥാനത്തില്‍ സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സൂര്യതാപം മൂലം 104 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാവുക, തലവേദന, പേശിമുറുകല്‍ , കൃഷ്ണമണി വികസിക്കല്‍, ക്ഷീണം, ചുഴലിരോഗലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്‍െറ പ്രധാന ലക്ഷണങ്ങള്‍.
സൂര്യാഘാതം തടുക്കാനായി ജനങ്ങള്‍ മുന്‍ കരുതല്‍ നടപടിയെടുക്കണമെന്നും ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ചൂട് ക്രമാതീതമായി കൂടുമെന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

കടുത്ത വെയിലില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. രോഗിയെ തറയിലോ കട്ടിലിലോ കിടത്തണം. ചൂടു കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തിവെക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക, വെള്ളം/ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്‍കുക എന്നിവയാണ് സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ടത്.
കൂടുതല്‍ വെള്ളം കുടിക്കുകയും ഉച്ച സമയത്തെ ജോലി ഒഴിവാക്കുകയും നിര്‍ജ്ജലീകരണത്തിന് കാരണമായ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുകയും ചെയ്താല്‍ സൂര്യാഘാത സാധ്യത ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാന്‍ കഴിയുമെന്ന് നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഈ നോട്ടീസ് സ്‌കൂളുകളിലും,വീടുകളിലും വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
