കെ.ആര്‍. മോഹനന്‍ സമാന്തരസിനിമയുടെ ശക്തനായ പ്രയോക്താവ്- മുഖ്യമന്ത്രി പിണറായി വിജയന്‍

സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായിരുന്നു കെ.ആര്‍. മോഹനനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി, ഭാരത് ഭവന്‍, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവര്‍ ചേര്‍ന്ന് ഭാരത്ഭവനില്‍ സംഘടിപ്പിച്ച കെ.ആര്‍. മോഹനന്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിനിമയെന്ന മാധ്യമത്തോട് എല്ലാവിധത്തിലും തികഞ്ഞ സത്യസന്ധത കെ.ആര്‍. മോഹനന്‍ പുലര്‍ത്തി. സൗമ്യനായിരുന്നെങ്കിലും ചില കാര്യങ്ങളില്‍ അദ്ദേഹം കടുത്ത നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. കച്ചവടസിനിമയോട് ഒരുതരത്തിലും അദ്ദേഹത്തിന് പൊരുത്തപ്പെടാനാവുമായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമാരംഗത്തെ കഴിവ് മൂന്ന് സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചു. ഒരുഘട്ടത്തില്‍ മാധ്യമരംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചു. ചലച്ചിത്ര അക്കാദമിയുടെ അമരക്കാരനായിരുന്നപ്പോഴും നല്ല സംഭാവന നല്‍കാനായതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ബീനാപോള്‍, വി.കെ. ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ഗൗരി ലങ്കേഷിനെക്കുറിച്ച് ദീപു സംവിധാനം ചെയ്ത ‘നമ്മുടെ ഗൗരി’ സിനിമാപ്രദര്‍ശനവും സംവാദവും സംഘടിപ്പിച്ചു. കെ.ആര്‍. മോഹനന്‍ അന്തരിച്ച് ഒരുവര്‍ഷം തികഞ്ഞതിനോടനുബന്ധിച്ചാണ് അനുസ്മരണം സംഘടിപ്പിച്ചത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *