കോവളത്തിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കോവളത്തിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റുകളുടെ സേവനം ഇതിനായി വിനിയോഗിക്കും. ഒരു മാസത്തിനകം അന്തിമ തീരുമാനമുണ്ടാവും.
അടുത്ത ടൂറിസം സീസണിനു മുമ്പ് കോവളത്ത് അവശ്യംവേണ്ട അടിസ്ഥാനസൗകര്യം ഒരുക്കും. ടോയിലറ്റുകള്‍, പാര്‍ക്കിംഗ് സൗകര്യം, മാലിന്യപ്രശ്‌നത്തിന് പരിഹാരം, കൂടുതല്‍ സുരക്ഷാ സംവിധാനം, വഴിവിളക്കുകള്‍ എന്നിവ സജ്ജമാക്കും. കോവളം കടല്‍ത്തീരത്തിന്റെ നവീകരണത്തിന് 24 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രകാശ സംവിധാനം മെച്ചപ്പെടുത്താന്‍ 1.20 കോടി രൂപയുടെ പണി പൂര്‍ത്തിയാക്കി. ബീച്ചിലെ നടപ്പാത നവീകരണത്തിന് 70 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ചാലയിലെ പൈതൃക തെരുവ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. വേളി ടൂറിസ്റ്റ് വില്ലേജ് പിപിപി മാതൃകയില്‍ വികസിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ഇതിന്റെ നിര്‍മാണ പ്രവൃത്തി ഈ വര്‍ഷം തന്നെ ആരംഭിക്കും. മടവൂര്‍പ്പാറ ഗുഹാക്ഷേത്രത്തോടനുബന്ധിച്ച് വലിയ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു. ആക്കുളം ടൂറിസ്റ്റ് വില്ലേജ് പദ്ധതിയുടെ നവീകരണവും നടത്തും.
വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന് അനന്തമായ സാധ്യതയാണ് സര്‍ക്കാര്‍ കാണുന്നത്. ഇരിങ്ങലിലെ സര്‍ഗാലയം ക്രാഫ്റ്റ് വില്ലേജിന്റെ മാതൃകയിലാവും വെള്ളാറിനെ വികസിപ്പിക്കുക. കോവളത്തെത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന് സാധിക്കും. മ്യൂസിയം, ലൈറ്റ് ആന്റ് സൗണ്ട് ഷോ, ആംഫി തിയേറ്റര്‍, കുട്ടികളുടെ പാര്‍ക്ക്, ഫുഡ്‌കോര്‍ട്ട്, ആര്‍ട്ട് ഗാലറി എന്നിവയും ക്രാഫ്റ്റ് വില്ലേജിന്റെ ഭാഗമായി ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. എം. വിന്‍സെന്റ് എം. എല്‍. എ അധ്യക്ഷത വഹിച്ചു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല, ജില്ലാ പഞ്ചായത്തംഗം ലതാകുമാരി, ബ്‌ളാക്ക് പഞ്ചായത്തംഗം ലീലാബായി, ഗ്രാമപഞ്ചായത്തംഗം ശാലിനി, ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ പൂജാ വേണുഗോപാല്‍, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എം. ഡി ഷാജു എന്നിവര്‍ സന്നിഹിതരായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *