വികസനത്തിന്റെ കേന്ദ്ര ബിന്ദു വിദ്യാഭ്യാസം : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

വികസനത്തിന്റെ കേന്ദ്ര ബിന്ദു വിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഭാഗമായുളള പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല തലമുറയെ വാര്‍ത്തെടുത്താലെ സമൂഹം മുന്നോട്ടു പോകൂ. അതിന് വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധ നല്‍കലാണ് സര്‍ക്കാര്‍ കാഴ്ച്ചപ്പാട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 140 മണ്ഡലങ്ങളിലും ഹൈടെക്ക് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നത് ഈ കാഴ്ച്ചപ്പാടിലാണെന്നും മന്ത്രി പറഞ്ഞു. 45000 ക്ലാസ് മുറികളാണ് ഹൈടെക് ആക്കുന്നത്. ഈ വര്‍ഷം എല്‍ പി, യു പി ക്ലാസ്സുകളും ഹൈടെക്ക് ആകും. അടുത്ത ജൂണില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാകുമെന്നും അദ്ദേഹം പറഞ്ഞു. യു ആര്‍ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഡോ. പി കെ ബിജു എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് വിശിഷ്ടാതിഥിയായിരുന്നു. കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണന്‍, ജനപ്രതിനിധികളായ സി സുമിത്ര, പി ടി അബ്ദുള്‍ സലീം, ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ മജീദ് എ എ, പി ടി എ പ്രസിഡണ്ട് കെ വി ഗോവിന്ദന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *