ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരുഖ് സെയ്ഫിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ മുഖ്യപ്രതി ഷാരുഖ് സെയ്ഫിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്. ചോദ്യം ചെയ്യലിനെ ഷാരൂഖ് ‘ശാസ്ത്രീയമായി’ നേരിടുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് ഷാരൂഖ് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ വഴി തെറ്റിക്കാൻ നീക്കം നടക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. മൊഴികൾ പഠിച്ചു പറയുന്നു എന്നും പൊലീസ് നിഗമനമുണ്ട്.

ഷാരുഖിനെതിരെ യിഎപിഎ സെക്ഷൻ 16 ചുമത്താനാണ് പൊലീസ് തലപ്പത്തു ചർച്ച നടക്കുന്നത്. തീവ്രവാദ പ്രവർത്തനം വഴി മരണം സംഭവിക്കുന്ന കുറ്റകൃതമാണ് യുഎപിഎ സെക്ഷൻ 16. വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് യുഎപിഎ സെക്ഷൻ 16. ഷാരൂഖ് നടത്തിയത് തീവ്രവാദ പ്രവർത്തനമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതുകൊണ്ട് തന്നെ തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്യാനാണ് പൊലീസ് നീക്കം നടത്തുന്നത്. ഷാരുഖ് ഏതെങ്കിലും തീവ്രവാദ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കൃത്യം നടത്തിയത് ഒറ്റയ്ക്കാണെന്നാണ് ഷാരൂഖ് ആദ്യം നൽകിയ മൊഴി. എന്നാൽ തനിക്ക് ലഭിച്ച നിർദേശങ്ങൾ പ്രകാരമാണ് കൃത്യം നടത്തിയതെന്നാണ് മഹാരാഷ്ട്ര പൊലീസിന് ഷാരൂഖ് നൽകിയ മൊഴി.

അക്രമത്തിന് പിന്നിൽ മറ്റാരുമില്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നുമാണ് കേരളാ പൊലീസിനോട് ഷാരൂഖ് പറഞ്ഞത്. തന്റെ കുബുദ്ധിയിൽ ചെയ്ത് പോയതാണെന്നാണ് ഷാരൂഖ് പറയുന്നത്. ‘തീ വയ്പ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി. സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു. പുലർച്ചെ രത്‌നഗിരിയിലേക്ക് പോയി. ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു യാത്ര. ടിക്കറ്റ് എടുത്തിരുന്നില്ല.’ പ്രതി പറഞ്ഞു. കേരളത്തിൽ ആദ്യമാണെന്നും ഷാരൂഖ് പൊലീസിനോട് പറഞ്ഞു. മൊഴിയിൽ വിശദ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *