
ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തി ദിനത്തില്‍ രാജ്യതലസ്ഥാനത്തെ ജഹാംഗീര്‍പുരിയില്‍ ശോഭ യാത്ര നടത്താന്‍ അനുമതി നല്‍കി ഡല്‍ഹി പൊലീസ്.നിശ്ചിത ദൂരത്ത് ശോഭാ യാത്ര നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.ശോഭ യാത്ര കടന്നു പോകുന്ന വഴി തയാറാക്കിയിട്ടുണ്ട്. ക്രമസമാധാനം കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ശോഭാ യാത്രയുടെ സംഘാടക സമിതിയോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.നേരത്തെ, വിശ്വഹിന്ദു പരിഷത്തും മറ്റ് ഗ്രൂപ്പുകളും ശോഭ യാത്രക്ക് അനുമതി തേടിയെങ്കിലും ക്രമസമാധാന വിഷയം ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് നിഷേധിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് ഇന്നാണ് ഹനുമാന്‍ ജയന്തി ആഘോഷം നടക്കുന്നത്.

ഇതോട് അനുബന്ധിച്ച് യാത്ര കടന്നു പോകുന്ന പ്രദേശത്ത് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കിയതായി പൊലീസ് അറിയിച്ചു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16ന് ഹനുമാന്‍ ജയന്തി ദിനത്തില്‍ നടന്ന ശോഭ യാത്ര സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അടുത്തിടെ പശ്ചിമ ബംഗാളിലും ബിഹാറിലും നടന്ന രാമനവമി ആഘോഷങ്ങള്‍ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.
