ഭരണത്തുടര്‍ച്ചയ്ക്കായി ഉമ്മന്‍ചാണ്ടി ആര്‍എസ്എസിനെ കൂട്ടുപിടിക്കുന്നതായി പിണറായി


കോഴിക്കോട്:എസ്എന്‍ഡിപിയും ആര്‍എസ്എസുമായുള്ള അവിശുദ്ധ ബാന്ധവത്തിന് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതിലൂടെ ഉമ്മന്‍ചാണ്ടി എസ്എന്‍ഡിപിയില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന് ആവശ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കലാണ്. എന്നാല്‍, വിനാശകാലേ വിപരീതബുദ്ധി എന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കും. എസ്എന്‍ഡിപി നോമിനികള്‍ രാജിവയ്ക്കണമെന്നും പിണറായി വിജയന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എസ്എന്‍ഡിപിയുടെ ഭരണ ഘടന തയ്യാറാക്കിയത് രാജന്‍ ബാബുവാണെന്നും പിണറായി ആരോപിച്ചു.എസ്എന്‍ഡിപി- ആര്‍എസ്എസ് സംഖ്യത്തിനെതിരെ പ്രതികരിച്ച് സുധീരനെതിരെ വെളളാപ്പളളി മോശമായാണ് പ്രതികരിച്ചത്. ഇതിനെതിരെ യുഡിഎഫില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ പോലും ഉമ്മന്‍ചാണ്ടി വഴിത്തിരിച്ചു വിട്ടുവെന്ന് പിണറായി ആരോപിച്ചു. അരുവിക്കര അല്ല കേരളം മുഴുവന്‍ എന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ചിലയിടത്ത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അടിയാണ്. ചിലയിടത്ത് മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.




Sharing is Caring