കോഴിക്കോട്: പൊന്നാനിയില്‍ അബ്ദുള്‍ നാസര്‍ മദനിയെ മത്സരിപ്പിക്കാന്‍ പി ഡി പി ഒരുങ്ങുന്നു. കര്‍ണാടക ജയിലില്‍ കഴിയുന്ന മദനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസമില്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണ് പ്രചാരണപരിപാടികള്‍ ആരംഭിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പൊന്നാനിയില്‍ മദനിയ്ക്ക് വഞ്ചി അടയാളത്തില്‍ വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ഉയര്‍ന്നുകഴിഞ്ഞു.
പി ഡി പിയുടെ ശക്തികേന്ദ്രമായ പൊന്നാനിയില്‍ 2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി ഡി പി അമ്പതിനായിരത്തോളം വോട്ട് നേടിയിരുന്നു. പൊന്നാനി വോട്ടുബാങ്ക് കണ്ണുവച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി പി എം പി ഡി പിയ്ക്കു കൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല പി ഡി പി ബന്ധത്തിന്റെ പേരില്‍ സി പി എം ഏറെ പഴി കേള്‍ക്കുകയും ചെയ്തു.
ഇതോടെ സി പി എമ്മും ഇത്തവണ പി ഡി പിയെ കൈവിട്ടു. 2004 ആവര്‍ത്തിച്ച് ഇരുമുന്നണികളെയും വീണ്ടും ഞെട്ടിക്കാമെന്ന പ്രതീക്ഷയിലാണ് പി ഡി പി ഇത്തവണ മദനിയെത്തന്നെ പൊന്നാനിയില്‍ നിര്‍ത്തുന്നത്.