പി സി ജോര്‍ജ്ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷ്ണര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പി സി ജോര്‍ജ്ജിന് നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു.അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പങ്കെടുക്കാനായി പി സി ജോര്‍ജ്ജ്് ഇന്ന് തൃക്കാക്കരയില്‍ എത്തും.

ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച് പി സി ജോര്‍ജ് കത്ത് നല്‍കിയെങ്കിലും അതില്‍ ദുരഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും പി സി ജോര്‍ജ് അതും തള്ളി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുക എന്നത് ഭരണഘടനാപരമായും ജനാധിപത്യപരമായും തന്റെ അവകാശവും കമയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് പൊലീസ് നീക്കത്തിന് പിന്നിലെന്നും കേരള പൊലീസല്ല, പിണറായിയുടെ ഊളന്‍മാരാണിതെന്നും ജോര്‍ജ്ജ് ആരോപിച്ചു. ഉപതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കില്‍ തനിക്ക് എതിരെ ഒരു എഫ് ഐ ആര്‍ പോലും ഉണ്ടാകില്ലായിരുന്നെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

ബി ജെ പി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് വേണ്ടി പ്രചാരണം നടത്താനാണ് പി സി ജോര്‍ജ്ജ് ഇന്ന് തൃക്കാക്കരയില്‍ എത്തുന്നത്. യോഗങ്ങളിലും സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടന പരിപാടിയിലും പങ്കെടുക്കും. അതേസമയം തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ റോഡ് ഷോ രാവിലെ ആരംഭിക്കും. കാക്കനാട് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. ഇത് പാലാരിവട്ടത്ത് അവസാനിക്കും.ഉച്ചയ്ക്ക് യു.ഡി.എഫ് ബൈക്ക് റാലി സംഘടിപ്പിക്കും. മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളായ കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിലൂടെ റാലി കടന്നുപോകും. ബി.ജെ.പി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനും രാവിലെ മുതല്‍ റോഡ് ഷോ തുടങ്ങും. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ വൈകിട്ട് നാല് മണിക്ക് പാലാരിവട്ടത്തെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സമാപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *