- കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യസംഘം പാരമ്പര്യ ആയൂര്‍വേദ ചികിത്സാരംഗത്തെ എല്ലാ മേഖലയിലും പെട്ടവരുടെയും അത്താണിയായ സംഘടന
- സംഘടനയില്‍ പച്ചമരുന്ന് പറിക്കാര്‍ മുതല്‍ മരുന്ന് കൃഷിക്കാര്‍ വരെ ഏഴുലക്ഷം പേര്‍
- മാറിമാറി വന്ന സര്‍ക്കാരുകള്‍ ആയുര്‍വേദപാരമ്പര്യ മേഖലയ്ക്ക് ഗുണകരമായ വിധത്തില്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.
- വൈദ്യന്മാര്‍ വരെ നിയമസഭയിലെത്തിയിട്ടും ഒരു ചോദ്യം പോലും ആയുര്‍വേദ പാരമ്പര്യ മേഖലയെപ്പറ്റിയുണ്ടായില്ല
- സഹായിക്കുന്നവരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ച് സഹായിക്കും
- പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംഘടനയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും
- ആത്മീയതയുടെ പേരില്‍ നടക്കുന്നത് കൊള്ളക്കച്ചവടം
- മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ ഭേദഗതിയില്ലാതെ നടപ്പിലാക്കിയാല്‍ വന്‍ പ്രക്ഷോഭം
ഔഷധം പോലെ ചികിത്സകനും ശുദ്ധനാകണം
”മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം പണമായി മാറിയതോടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്‌നേഹവും ദയയും കാരുണ്യവും അന്യമായിത്തീര്‍ന്നു. ആയുര്‍വേദ ചികിത്സയും വാണിജ്യവത്ക്കരിക്കപ്പെടുകയും പണം കേന്ദ്രസ്ഥാനത്താവുകയും ചെയ്തതോടെ ആര്‍ഷ ഭാരത സംസ്‌കൃതി രൂപപ്പെടുത്തിയെടുത്ത ഈ ചികിത്സാ രീതിയുടെ ആത്മസത്തയില്ലാതായിക്കഴിഞ്ഞു എന്ന് പറയാതിരിക്കാനാവില്ല. ആയുര്‍വേദത്തിന്റെ പേരിലുള്ള കച്ചവടം ഇന്ന് കോടാനുകോടികളുടേതാണ്. ആര്‍ഷഭാരതത്തില്‍ ആചാര്യന്മാരായ സുശ്രുതനും ചരകനും ച്യവനനും തങ്ങളുടെ ജീവിതം തന്നെ നല്‍കി വികസിപ്പിച്ചെടുത്ത ഈ സംസ്‌കാരം ഇന്ന് പൂര്‍ണതോതില്‍ കച്ചവടവത്ക്കരിക്കപ്പെട്ടിരിക്കുന്നു. മാമുനികള്‍ ഗുരുപരമ്പരകളായി കൈമാറിവന്ന ജീവജ്ഞാനം അതേ നിഷ്ഠയോടെ പിന്തുടരുന്നവര്‍ വിരളമായിത്തീരുകയും ചെയ്തു” നന്മണ്ടയിലെ ആയുര്‍വേദ പാരമ്പര്യ ചികിത്സാ കേന്ദ്രത്തിലെ തിരക്കുകള്‍ക്കിടയില്‍ പി വാസുദേവന്‍ ഗുരുക്കള്‍ ആത്മരോഷത്തോടെ ഇത് പറയുമ്പോള്‍ അംഗീകരിക്കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക. കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും അറിയപ്പെടുന്ന ചികിത്സകന്‍ എന്ന നിലയ്ക്കുമുള്ള തിരക്കുകള്‍ക്കിടയില്‍ ‘ട്രൂത്ത് ഓണ്‍ലൈവ്’ന് വേണ്ടി ചെലവഴിച്ച നിമിഷങ്ങളില്‍ ആയൂര്‍വേദ ചികിത്സാ രംഗത്തെ മൂല്യച്യുതികള്‍ മുതല്‍ കേരളം അന്ധവിശ്വാസത്തിന്റെ അന്ധകാരത്തിലേക്ക് എരിഞ്ഞടങ്ങിക്കൊണ്ടിരിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ അദ്ദേഹം പങ്കുവച്ചു,
പാരമ്പര്യമായി കിട്ടിയ അറിവുകളോടൊപ്പം തപസ്യയെന്നോണം നടത്തിയ യാത്രകളും ആശ്രമ ജീവിതവും അനുഭവങ്ങളുമാണ് പി വാസുദേവന്‍ ഗുരുക്കളെ ആയുര്‍വേദ പാരമ്പര്യ ചികിത്സയുടെ ഉപാസകനും പ്രയോക്താവുമാക്കി മാറ്റിയത്. ആലത്തൂരില്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സ്ഥാപിച്ച സിദ്ധാശ്രമത്തിലെ ജീവിതകാലത്ത് സ്വാമി നിര്‍മ്മലാനന്ദയോഗിയുടെ ശിഷ്യനായി ജീവിച്ചപ്പോഴാണ് ഗുരുക്കള്‍ക്ക് മാധവസേവയെന്നാല്‍ മാനവസേവയാണെന്നും സാധാരണക്കാരും പാവങ്ങളുമായ ജനങ്ങള്‍ക്ക് വേണ്ടി പ്രയോജനകരമായ വിധത്തില്‍ തുടര്‍ന്നുള്ള കാലത്ത് സേവനം ചെയ്യാന്‍ ശിഷ്ടജീവിതം ഉഴിഞ്ഞുവയ്ക്കണമെന്നും ഉറച്ച തീരുമാനമുണ്ടായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പാരമ്പര്യ ആയുര്‍വേദ ചികിത്സാരീതിയുടെ പ്രചാരകനും സംഘാടകനുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിനടന്ന് പ്രവര്‍ത്തിക്കുന്ന ഗുരുക്കള്‍ ഏഴ് ലക്ഷം അംഗങ്ങളുള്ള കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും തന്റെ സേവനം സാധാരണക്കാരുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവയ്ക്കുന്നു. സംഘടനയില്‍ ചികിത്സകര്‍ മാത്രമല്ല അംഗങ്ങളായി ഉള്ളത്. ആയുര്‍വേദ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളും അതായത് പച്ച മരുന്ന് പറിക്കുന്നവര്‍ മുതല്‍ മരുന്ന് കൃഷി ചെയ്യുന്നവര്‍ വരെ ഈ സംഘടനയുടെ ഭാഗമാണ്.
കേരളത്തില്‍ ഇന്നേവരെ മാറിമാറിവന്ന ഇടതുവലത് സര്‍ക്കാരുകള്‍ നമ്മുടെ തനത് ചികിത്സാ സമ്പ്രദായമായ ആയുര്‍വേദ പാരമ്പര്യ ചികിത്സയുടെ പോഷണത്തിനായി ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്ന് പറയുന്ന ഗുരുക്കള്‍ ആത്മരോഷം കൊള്ളുക മാത്രമല്ല, ആയുര്‍വേദ പാരമ്പര്യ ചികിത്സാരംഗത്ത് നിലകൊള്ളുന്ന ലക്ഷക്കണക്കിനാളുകളുടെ രോഷം അണപൊട്ടിയൊഴുകിയാല്‍ കേരളത്തിലെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളില്‍ ചെറുതായെങ്കിലും ചലനങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കുന്നു. പാരമ്പര്യ വൈദ്യരംഗത്തുണ്ടായിരുന്നവരില്‍ ചിലര്‍ നിയമസഭയിലെത്തിയിട്ട് ഈ രംഗത്തെക്കുറിച്ച് നിയമസഭയില്‍ ഒരു ചോദ്യം പോലും ഉന്നയിക്കാന്‍ തയ്യാറാകാത്ത സ്ഥിതിവിശേഷമാണ് കേരളത്തിലേതെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ കേരളത്തിലെ പാരമ്പര്യ ചികിത്സകരുടെ കുലം മുടിക്കാന്‍ തക്കവിധത്തിലാണ് തയ്യാറാകുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അടക്കം നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത സമരമുറകള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും ഗുരുക്കള്‍ വ്യക്തമാക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പാരമ്പര്യ ചികിത്സകര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ നയങ്ങള്‍ രൂപപ്പെടുത്തുന്നവര്‍ക്ക് പിന്നില്‍ കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യസംഘം നിലകൊള്ളുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ഇതിന് ശേഷം വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംഘടന സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. സംഘടന രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് ഉറപ്പിച്ച് പറയുന്ന ഗുരുക്കള്‍ പക്ഷേ, സംഘടനയിലെ അംഗങ്ങളുടെ ക്ഷേമത്തിനും പാരമ്പര്യ വൈദ്യരംഗത്തിന്റെ ഉയര്‍ച്ചയ്ക്കും വേണ്ടി കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും ഉറപ്പിച്ച് പറയുന്നു.
ആയുര്‍വേദ ചികിത്സയുടെ നട്ടെല്ലാണ് പരമ്പര്യ ചികിത്സകരും വൈദ്യന്മാരും. എന്നാല്‍ പുതിയ കാലത്ത് അക്കാദമിക് പഠനങ്ങളും വന്‍കിട സ്ഥാപനങ്ങളും സ്വാധീന ശക്തികളായതോടെ ആയുര്‍വേദ ചികിത്സയുടെ തനിമയാര്‍ന്ന പാരമ്പ്യത്തെ നശിപ്പിക്കാനും ഇല്ലാതാക്കാനുമാണ് സംഘടിതവും ഗൂഢവുമായ ശ്രമങ്ങള്‍ നടക്കുന്നത്. അതിനാല്‍ പാരമ്പര്യ ചികിത്സയുടെ പ്രധാന്യവും ഉയര്‍ത്തെഴുന്നേല്‍പ്പും ലക്ഷ്യമാക്കിയാണ് വാസുദേവന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ രണ്ട് പതിറ്റാണ്ടുകളായുള്ള പോരാട്ടം നടക്കുന്നത്.
പാരമ്പര്യ ആയുര്‍വേദ ചികിത്സയുടെ പ്രചാരണത്തോടൊപ്പം സമൂഹത്തില്‍ വളര്‍ന്നുവരുന്ന അന്ധവിശ്വാസങ്ങളെയും ശക്തിയുക്തം എതിര്‍ക്കുകയാണ് ഗുരുക്കള്‍. പ്രാപഞ്ചികമായ ഊര്‍ജ്ജ സ്രോതസിനെ ആവാഹിച്ച് ഓരോ രൂപത്തില്‍ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആത്മീയസംസ്‌കാരത്തെ ചൂഷണം ചെയ്യുന്ന കറുത്ത ശക്തികള്‍ സാധാരണക്കാരെയും പട്ടിണിപ്പാവങ്ങളെയും പച്ചയായി കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഹോമങ്ങളുടെയും യാഗങ്ങളുടെയും പേരില്‍ കോടികള്‍ പിരിച്ചെടുക്കുന്നവര്‍ക്ക് കഷ്ടനഷ്ടങ്ങളില്‍പ്പെട്ടുഴലുന്ന സാധാരണക്കാരോട് സാമൂഹികമായോ ധാര്‍മ്മികമായോ യാതൊരു ആത്മാര്‍ത്ഥതയും പുലര്‍ത്തുന്നില്ലെന്ന് ഗുരുക്കള്‍ തുറന്നടിക്കുന്നു. ഏത് വഴിവക്കിലും ആര്‍ക്കും നടത്താവുന്ന ഒന്നായി യാഗങ്ങളെ മാറ്റുന്നവര്‍ ഇതിന്റെ പാരമ്പര്യ വിധികളെയും സിദ്ധികളെയും അനുഭവങ്ങളെയും കുറിച്ച് എത്രത്തോളം ബോധവാന്മാരാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഗുരുക്കള്‍ ആശങ്കപ്പെടുന്നു. കോടികള്‍ മുടക്കി നടത്തുന്ന യാഗങ്ങള്‍ക്ക് ചക്രവാളങ്ങള്‍ക്കപ്പുറം ഓസോണ്‍പാളിയിലെ ഒരു സുഷിരമടയ്ക്കാനോ ഈ ഭൂമിയില്‍ വേദനിച്ച് നരകിക്കുന്ന ഒരു അര്‍ബുദരോഗിക്ക് ആശ്വാസം പകരാനോ കഴിയുന്നുണ്ടോ എന്ന് പരിഷ്‌കൃത സമൂഹം ചിന്തിക്കണമെന്നാണ് ഗുരുക്കള്‍ പറയുന്നത്. പാവപ്പെട്ടവന്‍ വീണ്ടും വീണ്ടും ചൂഷണത്തിന് ഇരയായി നരകിച്ച് ജീവിച്ചൊടുങ്ങുകയാണ്.
ആയുര്‍വേദവും അതിനെ നൂറ്റാണ്ടുകള്‍ പരിപാലിച്ച പാരമ്പര്യ ചികിത്സാ രീതികളും ശരിയായ വിധത്തില്‍ സംരക്ഷിക്കപ്പെടണം. അതിന് ഭരണകര്‍ത്താക്കളാണ് മുന്‍കൈ എടുക്കേണ്ടത്. ആയുര്‍വേദം വെറുമൊരു ചികിത്സാ സമ്പ്രദായ മാത്രമല്ല അതൊരു ജീവിതരീതി കൂടിയാണ്. അതിനാല്‍ ഓരോ പഞ്ചായത്ത് വാര്‍ഡിലും ഇതിന് വേണ്ട സംരക്ഷണ നടപടികളുണ്ടാകണം. കുടുംബശ്രീ പോലെയുള്ള സ്ത്രീശാക്തീകരണ സംവിധാനങ്ങളെ ഇതുമായി കൂട്ടിയിണക്കണം. ഈരംഗത്തെ കള്ളനാണയങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സംഘടനയ്ക്ക് യാതൊരു അഭിപ്രായവ്യത്യാസവുമില്ല. അനര്‍ഹരെയും അയോഗ്യരെയും കണ്ടുപിടിച്ച് ശിക്ഷിക്കാനുള്ള നടപടികള്‍ എടുക്കുമ്പോള്‍ തന്നെ അര്‍ഹരായര്‍ക്ക് നിലനില്‍ക്കാനും വളരാനും ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നും അദ്ദേഹം പറയുന്നു.
ഔഷധം ശുദ്ധമാകണം. ഔഷധത്തെപ്പോലെ ചികിത്സകനും ശുദ്ധനാകണം. എങ്കില്‍ മാത്രമേ ചികിത്സകൊണ്ട് ഫലമുണ്ടാകൂ. ധ്യാനാത്മകമായ ജീവിതരീതിയാണ് ഫലപ്രാപ്തിയിലെത്തുക എന്ന് ഉറച്ച് വിശ്വസിക്കുകയും ഈ വിശ്വാസം എല്ലാവരിലേക്കും പകര്‍ന്നുനല്‍കാനും ജീവിതം മാറ്റിവച്ചിരിക്കുകയാണ് വാസുദേവന്‍ ഗുരുക്കള്‍.
