
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ സാഹചര്യം വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ആക്രമണശേഷമുള്ള സാഹചര്യം മൂന്ന് സേനാ മേധാവിമാരുമായി അദ്ദേഹം വിലയിരുത്തി. രാവിലെ 11 മണിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ യോഗം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കത്തില്‍ ഒന്‍പത് പാക് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ച് തകര്‍ത്തത്. നീതി നടപ്പാക്കിയെന്ന് എക്സില്‍ ഇന്ത്യന്‍ സൈന്യം കുറിച്ചു. രാവിലെ 10 മണിക്ക് വാര്‍ത്താസമ്മേളനം നടത്തി സൈന്യം വിശദമായ വിവരം നല്‍കും.

പഹല്‍ഗാം ആക്രമണത്തിനും ഭീകരവാദത്തിനും ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് രാജ്യം. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ മറുപടി. ബുധനാഴ്ച പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷന്‍.ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുരിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റതായും പാക് സൈന്യവും സ്ഥിരീകരിക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂരില്‍ പങ്കെടുത്തവര്‍ സുരക്ഷിതരെന്നാണ് റിപ്പോര്‍ട്ട് .രാത്രി മുഴുവന്‍ സൈനിക ഓപ്പറേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിച്ചു.നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മെയ് ഏഴിന് ഉച്ചയ്ക്ക് 12വരെ ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു.
