ഓണക്കോടി മുതൽ ഓണക്കളികളുമായി ആഘോഷതിമിർപ്പിലാണ് മലയാളികൾ. സദ്യ വിളമ്പാൻ വാഴയില മുതൽ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളിൽ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്. ഒരുക്കങ്ങളൊക്കെ എത്ര കഴിഞ്ഞാലും ഉത്രാടപ്പാച്ചിൽ ഇല്ലാതെ മലയാളികൾക്ക് ഓണം പൂർത്തിയാകില്ല.
ഐശ്വര്യത്തിന്‍റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണത്തിനെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കമാണ് ഉത്രാടപ്പാച്ചിൽ. നേരത്തേ വാങ്ങാൻ മറന്ന സാധനങ്ങൾ എല്ലാം ഈ ദിവസമാണ് വാങ്ങുന്നത്. പലവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വീടുകളിൽ പൂക്കൾകൊണ്ടുള്ള അലങ്കാരത്തോടെ ശനിയാഴ്ച വൈകീട്ട് നിലവിളക്കും കത്തിക്കും.
ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത്.
ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്.