കോഴിക്കോട്ടെ പഴയ വ്യവസായശാലകള്‍ ഐടി സ്പേസുകളാക്കണം- മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി സ്പേസ് മുഴുവന്‍ തീര്‍ന്ന സാഹചര്യത്തില്‍ നഗരത്തിലെ പഴയ വ്യവസായശാലകള്‍ ഐടിയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടെക്നോളജി എക്സ്പോയുടെ ഉദ്ഘാടനം കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വലിയ വ്യവസായശാലകളുടെ കേന്ദ്രമായിരുന്നു കോഴിക്കോട്. എന്നാല്‍ ഇന്ന് പലതും പ്രവര്‍ത്തനരഹിതമായി കിടക്കുകയാണ്. ഇത്തരം സ്ഥലങ്ങള്‍ കൂടുതലും നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ഇടങ്ങള്‍ ഐടി ഓഫീസുകള്‍ക്കുള്ള സ്ഥലമായി മാറ്റിയാല്‍ മനോഹരമായ തൊഴിലിടങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് ഐടി ഹബ്ബായ ബംഗളുരുവില്‍ നിന്ന് വയനാട്ടിലേക്ക് ഐടി ജീവനക്കാരെ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നുവെന്ന് മന്ത്രി ഓര്‍മ്മിച്ചു. ഇതുവഴി ആഭ്യന്തര ടൂറിസത്തിനും വലിയ ഉണര്‍വുണ്ടാവുകയും 2023 ല്‍ ഏറ്റവും മികച്ച പ്രകടനം കേരള ടൂറിസം നടത്തുകയും ചെയ്തു. നൂതനത്വത്തിന്‍റെ കേന്ദ്രമായി കോഴിക്കോടിനെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കെടിഎക്സ് 2024 ന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട് സൈബര്‍ പാര്‍ക്ക് അടക്കം ഒമ്പത് പ്രമുഖ അക്കാദമിക്-വ്യവസായ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സിഐടിഐ 2.0 (കാലിക്കറ്റ് ഇനൊവേഷന്‍ & ടെക്നോളജി ഇനിഷ്യേറ്റീവ്)യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആറായിരത്തിലധികം പ്രതിനിധികള്‍, 200 ലേറെ പ്രദര്‍ശന സ്റ്റാളുകള്‍, രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച 100 ലേറെ പ്രഭാഷകര്‍ തുടങ്ങിയവര്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കു ഉച്ചകോടിയില്‍ പങ്കെടുക്കും.

മലബാര്‍ മേഖലയുടെ ഐടി വ്യവസായ വികസനത്തിനുള്ള ഉറച്ച കാല്‍വയ്പായ സിഐടിഐ 2.0 യുടെ ഉദ്യമത്തിന് സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുവജനതയാണ് നമ്മുടേത്. ലോകത്തിലെ സാങ്കേതികവിദ്യാ വ്യവസായങ്ങള്‍ക്കുള്ള മനുഷ്യവിഭവ ശേഷിയിലും നമുക്ക് ഏറെ സംഭാവനകള്‍ നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സൈബര്‍പാര്‍ക്കിനു സമീപത്തുകൂടി കടന്നു പോകുന്ന ആറുവരി ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ മേഖലയുടെ സമഗ്രവികസനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ധനശേഷിയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഐടി വ്യവസായത്തിന്‍റെ സുസ്ഥിര വളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിക്കാനാകുമെന്ന് ചടങ്ങില്‍ സംസാരിച്ച കോഴിക്കോട് സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി.

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എം എ മെഹ്ബൂബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐഐഎം കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി, ടാറ്റ എല്‍ക്സി എംഡിയും സിഇഒയുമായ മനോജ് രാഘവന്‍, തോണ്‍ടണ്‍ ഭാരത് എല്‍എല്‍പിയുടെ നാഷണല്‍ ലീഡ് ഫോര്‍ ഗവണ്‍മന്‍റ് രാമേന്ദ്രവര്‍മ്മ, കെഎസ്ടിഐല്‍ എംഡി ഡോ. സന്തോഷ് ബാബു, ഗ്രാന്‍ തോണ്‍ടണ്‍ മേധാവി പ്രസാദ് ഉണ്ണികൃഷ്ണന്, സിഐടിഐ 2.0 ചെയര്‍മാന്‍ അജയന്‍ കെ അനാട്ട് ജന. സെക്രട്ടറി അനില്‍ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *