കോഴിക്കോട്: രാജ്യത്തെ രണ്ടാംനിര നഗരങ്ങളില്‍ ഐടി വ്യവസായവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സാധ്യതയുള്ള നഗരമാണ് കോഴിക്കോടെന്ന് കെടിഎക്സ് 2024 സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകളുടെ പാരമ്പര്യം, ബഹുസ്വരത, ഭൂപ്രകൃതി, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കോഴിക്കോടിനെ വേറിട്ടു നിറുത്തുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ രണ്ടാംനിര നഗരങ്ങള്‍ക്ക് മാതൃകയാകാനുള്ള മികച്ച ശേഷി കോഴിക്കോടിനുണ്ടെന്ന് സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി. തൊഴിലിടത്തോടുള്ള ഐടി ജീവനക്കാരുടെ കാഴ്ചപ്പാടിന് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ക്രിയാത്മകമായ മാറ്റമുണ്ടായി. വന്‍നഗരങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളുള്ള ചെറുനഗരങ്ങളോടാണ് ഐടി ജീവനക്കാരുടെ സമൂഹത്തിന് ഇപ്പോള്‍ താത്പര്യം. ഇവരെ ആകര്‍ഷിക്കുന്നതിനുള്ള എല്ലാ വിഭവങ്ങളും കോഴിക്കോടുണ്ട്.
മികച്ച ജീവിതനിലവാരം, രുചികരമായ ഭക്ഷണവൈവിദ്ധ്യങ്ങള്‍, മികച്ച ഗതാഗതസൗകര്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളുമായി തുടരുന്ന നൂറ്റാണ്ടുകളായുള്ള വാണിജ്യബന്ധം എന്നിവയെല്ലാം ഐടി വ്യവസായത്തിന്‍റെ വികസനത്തിന് ഉപയുക്തമാക്കാവുന്ന ഘടകങ്ങളാണ്. ധനശേഷിയുള്ള വ്യക്തികളും സ്ഥാപനങ്ങളും നിരവധിയുള്ള ഈ മേഖലയില്‍ ഐടി വ്യവസായത്തിലെ നിക്ഷേപത്തിനും സാധ്യതകളേറെയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനസര്‍ക്കാര്‍ ക്രോഡീകരിക്കുന്ന പുതിയ ഐടി നയത്തില്‍ വികേന്ദ്രീകൃതമായ ഐടി വ്യവസായത്തിന്‍റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്(കെഎസ്ഐടിഐഎല്‍) എം ഡി സന്തോഷ് ബാബു ചൂണ്ടിക്കാട്ടി. ഉപയോഗപ്പെടുത്താന്‍ നിരവധി സാധ്യതകളുണ്ടെന്നതാണ് കോഴിക്കോടിന്‍റെ ഏറ്റവും വലിയ മേډയെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാതാവികസനത്തിലൂടെ മികച്ച റോഡ് കണക്ടിവിറ്റി, നൂറു കിമി ചുറ്റളവില്‍ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, മികച്ച സൗകര്യങ്ങളുടെ സൈബര്‍ പാര്‍ക്ക് തുടങ്ങിയവ കോഴിക്കോടിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഐടി നഗരമായി മാറുന്നതിന് കോഴിക്കോട് സ്വയം പാകപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് ജില്ലാകളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ചൂണ്ടിക്കാട്ടി. തമിഴ്നാട് , കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതു പോലുള്ള സൗകര്യങ്ങള്‍ കേരളത്തില്‍ അപ്രായോഗികമാണ്. എന്നാല്‍ കോഴിക്കോട്ടെ ബിസിനസ് സമൂഹം കൂട്ടായി പരിശ്രമിച്ചാല്‍ വന്‍കിട ഐടി കമ്പനികള്‍ പോലും പ്രവര്‍ത്തനം തുടങ്ങാന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ആവാസവ്യവസ്ഥ ഇവിടെ ഒരുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മേഖലയുമായി കോഴിക്കോടിനുള്ള പരമ്പരാഗത ബന്ധം ഐടി മേഖലയില്‍ ഇപ്പോഴും സജീവമായി തുടരുന്നുണ്ടെന്ന് കോഴിക്കോട് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. സൈബര്‍പാര്‍ക്കിലുള്ള പല കമ്പനികള്‍ക്കും ഗള്‍ഫ് മേഖലയില്‍ സജീവ സാന്നിദ്ധ്യവും ഉപഭോക്താക്കളുമുണ്ട്. ഐടി കമ്പനികള്‍ ഈ സാധ്യത ഉപയോഗപ്പെടുത്തിയാല്‍ മികച്ച ഐടി നഗരമായി കോഴിക്കോട് മാറുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സൈബര്‍ പാര്‍ക്ക് അടക്കം ഒമ്പത് പ്രമുഖ അക്കാദമിക്-വ്യവസായ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സിഐടിഐ 2.0 (കാലിക്കറ്റ് ഇനൊവേഷന്‍ & ടെക്നോളജി ഇനിഷ്യേറ്റീവ്)യുടെ നേതൃത്വത്തിലാണ് കെടിഎക്സ് 2024 സംഘടിപ്പിച്ചത്.