കൊച്ചി: ഇറാഖില്‍ തടവിലായിരുന്ന നഴ്‌സുമാര്‍ തിരിച്ചെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയനഴ്‌സുമാര്‍ അവരുടെ വീടുകളിലേയ്ക്ക് യാത്ര തിരിച്ചു. നഴ്‌സുമാരെ കാത്ത് പുലര്‍ച്ചെ മുതല്‍ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.ബാബു, ജോസ് കെ. മാണി എംപി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും നെടുമ്പാശേരി വിമാനത്താവളത്തില്‍ നഴ്‌സുമാരെ സ്വീകരിക്കാനെത്തിയിരുന്നു.
45 മലയാളി നഴ്‌സുമാരും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പളളിയില്‍ നിന്നുള്ള മറ്റൊരു നഴ്‌സുമാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഇറാഖിലെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്നു പുലര്‍ച്ചെ 4.10 ന് പുറപ്പെട്ട വിമാനം രാവിലെ 8.43 നാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്. ഇന്ധനം നിറച്ച ശേഷം അവിടെ നിന്നും തിരിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പ്രത്യേക വിമാനം കൊച്ചിയിലെത്തുകയായിരുന്നു.
23 വിമാനജീവനക്കാരും 46 നഴ്‌സുമാരും മറ്റ് 114 പേരുമടക്കം 183 പേരുമായാണ് വിമാനം ഇന്ത്യയിലെത്തിയത്. കിര്‍കുക്കിലും മറ്റും ഉണ്ടായിരുന്ന എഴുപത് ഇന്ത്യക്കാരെയാണ് നഴ്‌സുമാര്‍ക്കൊപ്പം പ്രത്യേകവിമാനത്തില്‍ കൊണ്ടു വന്നത്. നഴ്‌സുമാരെ സ്വീകരിക്കാന്‍ നെടുമ്പാശേരിയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇമിഗ്രേഷന്‍ നടപടികളും കസ്റ്റംസ് പരിശോധനയും വേഗത്തിലാക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ വിമാനത്താവളത്തില്‍ തുറന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ.ബാബുവും നെടുമ്പാശേരി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് നടപടികള്‍ ഏകോപിപ്പിച്ചത്.
നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് തുറന്നിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി, നോര്‍ക്കറൂട്‌സ്, കസ്റ്റംസ്, ഇമിഗ്രേഷന്‍, സിഐഎസ്എഫ് എന്നിവയുടെ ഏകോപിപ്പിച്ചുള്ള സൗകര്യമാണ് ഒരുക്കിയത്.
നഴ്‌സുമാരെ കൂടാതെ പ്രത്യേക വിമാനത്തില്‍ എത്തിയ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും വടക്കന്‍ ഇറാഖിലെ കിര്‍കുക്കില്‍ പ്രവര്‍ത്തിച്ചു വന്നവരാണ്. നേരത്തെ, പ്രത്യേക വിമാനം ഇര്‍ബിലിലെ വിമാനത്താവളത്തില്‍ ഇറക്കാന്‍ ഇറാഖ് വ്യോമയാന വിഭാഗം അനുമതി നിഷേധിച്ചത് ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ നയതന്ത്രതല ഇടപെടലുകളെ തുടര്‍ന്ന് വിമാനം ഇറക്കാന്‍ പിന്നീട് അനുമതി നല്‍കുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്ത്യന്‍ സമയം വെളുപ്പിന് 4.10നാണ് പ്രത്യേക വിമാനം യാത്രതിരിച്ചത്.
പ്രത്യേകവിമാനത്തില്‍ ഇറാഖില്‍ നിന്നെത്തുന്ന മുഴുവന്‍ ആളുകളെയും വീടുകളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായി നോര്‍ക്ക സി.ഇ.ഒ പി.സുദീപ് പറഞ്ഞു. അടിയന്തരസഹായമെന്ന നിലയില്‍ 5000 രൂപ വീതം നല്‍കാനും തീരുമാനമായി.