ജപ്പാന് മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച്‌ ഉത്തരകൊറിയയുടെ വെല്ലുവിളി

ജപ്പാന് മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച ഉത്തരകൊറിയയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ജപ്പാന് നേരെയുള്ള ഉത്തരകൊറിയയുടെ ആക്രമണം. നടപടിക്ക് പിന്നാലെ ജപ്പാനില്‍ ഏതാനും ട്രെയിനുകള്‍ റദ്ദാക്കി. ജനങ്ങളെ ഒഴിപ്പിച്ചു.

പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. യുദ്ധസമാനമായ സാഹചര്യമാണ് ജപ്പാന്‍ ഒരുക്കിയത്. എന്തിനാണ് പ്രകോപനമെന്ന് ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.

ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈല്‍ ജപ്പാന് മുകളില്‍ കൂടി പറന്നെന്നും പസഫിക് സമുദ്രത്തില്‍ അത് പതിച്ചുവെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഉത്തരകൊറിയയുടെ നടപടിയെ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അപലപിച്ചു.

‘മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ വെടിവെപ്പുമുണ്ടായി. ഉത്തകൊറിയയുടേത് അശ്രദ്ധമായ ഒരു നടപടിയാണ്. സംഭവത്തെ അപലപിക്കുന്നുവെന്നും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മിസൈല്‍ 22 മിനിറ്റോളം ജപ്പാന് മുകളിലൂടെ പറന്നു, തുടര്‍ന്ന് രാജ്യത്തിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്തുള്ള സമുദ്രമേഖലയില്‍ പതിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. ജനുവരി മുതല്‍ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളില്‍ നിര്‍ണായകമായിരുന്നു ജപ്പാന് നേരെ തൊടുത്ത മിസൈല്‍. ഹ്വാസോങ്-12 എന്ന മധ്യധൂര മിസൈലിന് അമേരിക്കന്‍ അധീനതയിലുള്ള ഗുവാമില്‍ വരെ എത്തിപ്പെടാന്‍ ശേഷിയുണ്ട്. മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയയും ജപ്പാനും അടിയന്തര സുരക്ഷായോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *