നോക്കുകൂലി തുടച്ച് നീക്കണം, കൊടി നിറം നോക്കാതെ നടപടി വേണം; രൂക്ഷവിമർശനവുമായി ഹൈക്കോടതി

കേരളത്തിൽ കണ്ടുവരുന്ന നോക്കുകൂലി സമ്പ്രദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്നും ഹൈക്കോടതി. ട്രേഡ് യൂണിയൻ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

കൊല്ലത്തെ ഒരു ഹോട്ടൽ ഉടമ നൽകിയ പൊലീസ് സംരക്ഷണ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. നോക്കുകൂലി നൽകാത്തതിനാൽ ഹോട്ടലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ സംഘട്ടനത്തിലേക്ക് പോകുന്നത് നിർത്തണമെന്നും അവകാശ ലംഘനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ തൊഴിലാളി സംഘടനയ്ക്ക് ഉണ്ടെങ്കിൽ നിയമപരമായി നേരിടണമെന്നും കോടതി വ്യക്തമാക്കി.

വിഎസ്‌എസ്‌സിയിലേയ്ക്കുള്ള ചരക്കുകൾ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന മുൻ പരാമർശം ആവർത്തിച്ചു. നേരത്തെയും നോക്കുകൂലി കേസ് പരിഗണിക്കുമ്പോൾ ട്രേഡ് യൂണിയനിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമർശനം കോടതി ഉയർത്തിയിരുന്നു. ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ നിയമം കൈയിലെടുക്കുന്ന യൂണിയനുകളുടെ രീതി അംഗീകരിക്കാനാകില്ല. നോക്കുകൂലിക്ക് നിരോധനമേർപ്പെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് നാണക്കേടാണെന്നും കോടതി കുറ്റപ്പെടുത്തി.

2017ൽ ഹൈക്കോടതി നിരോധിച്ച നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണു കോടതി ഉത്തരവ്. 2018 നു ശേഷം തൊഴിലാളി യൂണിയനുകൾക്കെതിരെ 11 കേസുകൾ രജിസ്റ്റർ ചെയ്തെന്നു സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *