കെഎഎസ് ശമ്പളത്തിൽ മാറ്റമില്ല;ഐഎഎസ് അസോസിയേഷന്റെ പ്രതിഷേധം ഫലം കണ്ടില്ല

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ(കെഎഎസ്) ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ മാറ്റമില്ല. 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയത്. എന്നാൽ ഗ്രേഡ് പേയ്ക്ക് പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകും.
കെഎഎസ് ഉദ്യോഗസ്ഥർക്ക് ഐഎഎസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കൂടുതലാണെന്ന് ആരോപിച്ച് ഐഎഎസ് അസോയിയേഷൻ നടത്തിയ പ്രതിഷേധം ഫലം കണ്ടില്ല.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ(കെഎഎസ്) ഉദ്യോഗസ്ഥരുടെ ശമ്പളം നിശ്ചയിച്ചതിൽ പ്രതിഷേധവുമായി അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. സ്‌പെഷ്യൽ പേ അനുവദിക്കണമെന്ന് ഐഎഎസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. 10,000 മുതൽ 25,000 വരെ പ്രതിമാസം അധികം നൽകണമെന്നായിരുന്നു ഐ എഎസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നത്. മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷനും ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകളുടെ കേരള ഘടകവും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു .

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപയായി (ഫിക്സഡ്) നിശ്ചയിച്ചുകൊണ്ടായിരുന്നു മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. അനുവദനീയമായ ഡിഎ, എച്ച്ആര്‍എ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കുമെന്നുമായിരുന്നു തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *