ഇന്ത്യയെ മള്‍ട്ടി സ്‌പോര്‍ട്‌സ് രാജ്യമാക്കും: നിത


റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്‌സ് രണ്ടാം സീസണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം . ഇന്നലെ രാജഗിരി പബ്‌ളിക്ക് സ്‌ക്കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിതാ അംബാനി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തെ കായികവിനോദങ്ങളുടെ നാടാക്കിമാറ്റുകയാണ് റിലയന്‍സ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് നിത അമ്പാനി പറഞ്ഞു.


രാജ്യത്ത് കായികമേഖലയില്‍ താഴെത്തട്ടില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സംരംഭമാണ് ആര്‍എഫ്‌വൈഎസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്. അടുത്ത അഞ്ചുമാസങ്ങള്‍ക്കുള്ളില്‍ 3000 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 60,000 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നത്. വരുന്ന ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂവാറ്റുപുഴ നിര്‍മ്മല കോളേജ് വിദ്യാര്‍ഥിയായ 20കാരന്‍ അജിത് ശിവന്റെ അവതരണം ഉദ്ഘാടന ചടങ്ങിലെ ശ്രദ്ധേയമായി.


ജൂനിയര്‍ ബോയ്‌സ്, സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ്, കോളേജ് ബോയ്‌സ് എന്നീ നാലു വിഭാഗങ്ങളിലായാണ് ആര്‍എഫ്‌വൈഎസ് ദേശീയ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുക. ഓരോ നഗരങ്ങളിലും നടക്കുന്ന പ്രീക്വാളിഫൈയിംഗ് റൗണ്ടോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. രാജഗിരി പബ്ലിക് സ്‌കൂളും അസീസി വിദ്യാനികേതനും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ രാജഗിരി പബ്ലിക് സ്‌കൂള്‍ 1-0 ന് ജയിച്ചു.



Sharing is Caring