ഫിഫ അണ്ടര്‍ 17 ലോകകപ്പ്; പന്തുരുളാന്‍ ഇനി 50 നാള്‍


രാജ്യം ചരിത്രത്തിലാദ്യമായി വേദിയാകുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് പന്തുരുളാന്‍ ഇനി 50 നാള്‍ മാത്രം. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകിരീടത്തിനായി പന്തുതട്ടുന്നത്. ന്യൂദല്‍ഹി, മുംബൈ, ഗോവ, കൊച്ചി, കൊല്‍ക്കത്ത, ഗുവാഹത്തി എന്നീ ആറുവേദികളിലാണ് കൗമാര കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കം അരങ്ങേറുന്നത്. ഒക്ടോബര്‍ ആറിന് രണ്ട് വേദികളിലായിട്ടാണ് ഫുട്‌ബോള്‍ ലോകകപ്പിന് തുടക്കം കുറിക്കുന്നത്.


ഗ്രൂപ്പ് എയില്‍ അന്ന് വൈകിട്ട് അഞ്ചിന് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കൊളംബിയ ആഫ്രിക്കന്‍ ശക്തികളായ ഘാനയെയും നവിമുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ഗ്രൂപ്പ് ബിയില്‍ ന്യൂസിലന്റ്-തുര്‍ക്കിയെയും നേരിടുന്നതോടെയാണ് ചരിത്ര കിക്കോഫിന് വിസില്‍ മുഴങ്ങുക. അന്ന് രാത്രി എട്ടിന് ആതിഥേയരായ ഇന്ത്യയും ചരിത്രത്തിലാദ്യമായി മത്സരിക്കാനിറങ്ങും.


ദല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ യുഎസ്എയാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഡി മത്സരങ്ങള്‍ക്ക് വേദിയാകുന്ന കൊച്ചിയില്‍ ആദ്യ മത്സരം ഒക്ടോബര്‍ 7 ന് വൈകിട്ട് 5 നാണ്. ഈ ലോകകപ്പിലെ സൂപ്പര്‍ ഗ്ലാമര്‍ പോരാട്ടവും അതുതന്നെ. ബ്രസീല്‍-സ്‌പെയിന്‍ മത്സരം. ഉത്തരകൊറിയ, നൈജര്‍ ടീമുകളും ഗ്രൂപ്പ് ഡി യില്‍ കളിക്കുന്നുണ്ട്. ഗോവയില്‍ ഗ്രൂപ്പ് സി മത്സരങ്ങള്‍ കളിക്കുന്ന ജര്‍മനിയുടെ അവസാന ഗ്രൂപ്പ് മാച്ചും കൊച്ചിയിലാണ്.

അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. ലോകകപ്പ് 50 ദിവസം അരികില്‍ എത്തിയതോടെ ഇനി ടിക്കറ്റ് വില്‍പ്പനയുടെ കാര്യത്തില്‍ വന്‍പുരോഗതിയാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞു. ഇതാദ്യമായി ഫിഫാ ലോകകപ്പില്‍ കളിക്കുന്ന ടീം ഇന്ത്യക്ക് മുഴുവന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളും പിന്തുണ നല്‍കണമെന്ന് ലോകകപ്പ് പ്രോജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ അഭ്യര്‍ഥിച്ചു.



Sharing is Caring