ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗക്കേസില്‍ വിചാരണ കോടതി വിധിക്ക് ദില്ലി ഹൈക്കോടതിയുടെ അംഗീകാരം. നാലു പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ വിധിക്കാണ് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി.
വളരെ പെട്ടെന്നുണ്ടായ വിധിയാണിത്. കേസില്‍ നീതി ലഭിച്ചിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് ദില്ലിയിലെ അതിവേഗ കോടതി പ്രതികളായ മുകേഷ്, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നീ പ്രതികളെ വധശിക്ഷയ്ക്കു വിധിച്ചത്. കൂട്ടബലാത്സംഗം, കൊലപാതകം, പ്രകൃതി വിരുദ്ധ പീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി 11 കുറ്റങ്ങളാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയത്.