നിപ്പ രണ്ടാംഘട്ടം: ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി

നിപ്പ രണ്ടാം ഘട്ടം സംബന്ധിച്ച ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ പങ്കെടുത്തശേഷമാണ് അരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിപ്പ നിയന്ത്രണ വിധേയമാണെന്ന് അവലോകനയോഗം വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജൂണ്‍ പകുതിയോടെ ആശങ്കകള്‍ക്ക് വിരാമമാകുമെന്നും യോഗം വിലയിരുത്തി.

ജൂണ്‍ 30 വരെ നിരീക്ഷണം തുടരുമെന്ന് മന്ത്രി കെ. കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെയുള്ള കാലഘട്ടം. ഇതിനിടെ ചെറിയ വീഴ്ചപോലും സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, നിപ്പ വൈറസ് ബാധ സംശയിച്ച്‌ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ അടക്കമുള്ളവ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടുകളില്‍തന്നെ കഴിയേണ്ടിവരുന്ന സാഹചര്യത്തിലാണ്. ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച നിര്‍ദ്ദേശം കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കും. തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തിന് മുന്നോടിയായാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *