കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 60 വയസ്സായിരുന്നു.
രണ്ടു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.
എന്‍സിപിയിലെ നേതാക്കള്‍ അടക്കമുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
കോട്ടയം ജില്ലയിലെ കുറച്ചിത്താനത്താണ് വിജയന്‍ ജനിച്ചത്. സരസമായ പ്രസംഗങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. സജീവ കെഎസ്യു പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവേശനം നടത്തിയ അദ്ദേഹം പിന്നീടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് 1999ല്‍ എന്‍സിപിയില്‍ ചേരുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എഫ്സിഐ ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു













