പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍വച്ച് പോലീസ് അറസ്റ്റ് ചെയതു. അഴിമതിക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷാവിധിയുടെ സമയത്ത് ഇരുവരും വിദേശത്തായിരുന്നു. പാകിസ്താനിലേക്ക് തിരികെ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എത്തിഹാദ് എയര്‍വേയ്സ് വിമാനം ഇ വൈ 243ലാണ് ഷെരീഫും മകളും എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ വിമാനം ലാഹോര്‍ വിമാനത്താവളത്തില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒമ്ബതരയ്ക്ക് ശേഷമാണ് വിമാനമെത്തിയത്.ഷെരീഫിന്റെ വിമാനം അബുദാബിയില്‍നിന്ന് പുറപ്പെടാന്‍ രണ്ടുമണിക്കൂറിലധികം വൈകിയിരുന്നു. ഇതാണ് വിമാനം ലാഹോറിലെത്താന്‍ വൈകിയതിനു കാരണമായതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

#WATCH Nawaz Sharif and Maryam Nawaz have been arrested upon landing in Lahore from Abu Dhabi pic.twitter.com/W95bR4rkYp
— ANI (@ANI) July 13, 2018
അഴിമതിക്കേസില്‍ അറുപത്തെട്ടുകാരനായ ഷെരീഫിന് പത്തുവര്‍ഷവും നാല്‍പ്പത്തിനാലുകാരിയായ മകള്‍ മറിയത്തിന് എട്ട് വര്‍ഷവുമാണ് തടവ്ശിക്ഷ വിധിച്ചിട്ടുള്ളത്. ലണ്ടനില്‍ ഷെരീഫ് കുടുംബം നാലു ഫ്‌ളാറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് രണ്ടു കേസുകള്‍ കൂടി ഷെരീഫിന്റെ പേരിലുണ്ട്. ലണ്ടനില്‍ കാന്‍സറിനു ചികിത്സ തേടുന്ന ഭാര്യയുടെ സമീപത്തുനിന്നുമാണ് ഷെരീഫ് ഇന്നു തിരികെ വന്നത്.













