കോടതിയില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യവുമായി നവ്‌ജ്യോത് സിംഗ് സിദ്ദു സുപ്രീംകോടതിയെ സമീപിച്ചു

മുപ്പത്തിനാല് വര്‍ഷം മുമ്പ് സംഭവിച്ച അടിപിടി കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യവുമായി പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു സുപ്രീംകോടതിയെ സമീപിച്ചു. ആരോഗ്യം മോശമാണെന്നും അതിനാല്‍ കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്നുമാണ് സിദ്ദുവിന്റെ ആവശ്യം.
നവജ്യോത് സിംഗ് സിദ്ദുവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയാണ് കീഴടങ്ങാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കാന്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
മുപ്പത്തിനാല് വര്‍ഷം മുമ്പുണ്ടായ അടിപിടിയില്‍ 65കാരനായ വാഹനയാത്രികന്‍ മരിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ് വിധിച്ചത്. ഇന്ന് പത്ത് മണിയോടെ സിദ്ദു കോടതിയില്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

പട്യാലയില്‍ 1988 ഡിംസബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം. നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടി ഉണ്ടാകുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഗുര്‍നാം മരിച്ചു. ഗുര്‍നാം സിംഗിന്റെ തലയില്‍ സിദ്ദു അടിച്ചുവെന്നും തുടര്‍ന്ന് അയാള്‍ മരിച്ചുവെന്നുമാണ് കേസ്. എന്നാല്‍ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിന് തെളിവില്ലെന്നാണ് സിദ്ദു വാദിച്ചത്.

1999ല്‍ പഞ്ചാബിലെ സെഷന്‍സ് കോടതി ഈ കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. പീന്നിട് നടന്ന കേസില്‍ 2018 മേയില്‍ കേസില്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയില്‍ തിരുത്തല്‍ വരുത്തിയാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.

2018 മേയ് 15ന് സിദ്ദുവിനെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് 1000 രൂപ പിഴമാത്രമായി ശിക്ഷ ചുരുക്കിയിരുന്നു. ഇതിനെതിരെ വാഹനാപകടത്തില്‍ മരിച്ച ഗുരുനാം സിംഗിന്റെ കുടുംബമാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്. അപര്യാപ്തമായ ശിക്ഷയില്‍ ഇനിയും ഇളവ് നല്‍കിയാല്‍ അത് നീതിക്ക് നിരക്കാത്തതായിരിക്കും. പൊതു സമൂഹത്തിന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിനും കോട്ടം വരുത്തുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പുനഃപരിശോധനാ ഹര്‍ജിയില്‍ വിധി പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *