നാഗാലാൻഡ് വെടിവെപ്പ്;പലയിടത്തും സംഘർഷ സാഹചര്യം തുടരുന്നു

നാഗാലാൻഡ് വെടിവെപ്പിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും സംഘർഷ സാഹചര്യം തുടരുന്നു. നാട്ടുകാർ റോഡ് ഉപരോധിച്ചു. സൈനിക വാഹനങ്ങൾക്ക് നേരെയും പ്രതിഷേധം ഉണ്ടായി. വെടിവെപ്പുണ്ടായ മോൺ ജില്ല ഉൾപ്പെടെ 2 ജില്ലകളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്സ്പ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അഫ്സ്പ പിൻവലിക്കണമെന്നു നാഗാലാ‌ൻഡ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ, മേഘാലയ മുഖ്യമന്ത്രി കോർണാഡ് സാങ്മ എന്നിവർ ആവശ്യപ്പെട്ടു. സംഭാവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് നോട്ടിസ് അയച്ചിരുന്നു. അതേസമയം, നാഗാലാ‌ൻഡ് സർക്കാർ നിയമിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തൃണമൂൽ കോൺഗ്രസിന്റെ അഞ്ചംഗസംഘം സംഘർഷ മേഖല സന്ദർശിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ അറിയിച്ചു.

വെടിവെപ്പുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പറഞ്ഞിരുന്നു. അഫ്സ്പ പിൻവലിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് നാഗാലാൻഡ് സംഭവം അടിവരയിടുന്നത്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു.

സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവന:

”നാഗാലാൻഡിലെ മോൻ ജില്ലയിൽ കുറഞ്ഞത് 17 ആളുകളും ഒരു സൈനികനും കൊല്ലപ്പെടാൻ ഇടയാക്കിയ സൈനികാക്രമത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും അവർക്ക് മതിയായ നഷ്ടപരിഹാരം കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെടുകയും ചെയ്യുന്നു. ‘ഇന്റലിജൻസ് പിഴവ്’ മൂലമാണ് ഈ ക്രൂരമായ കൊലപാതകങ്ങൾ നടന്നതെന്ന സൈന്യത്തിന്റെ വിശദീകരണം ഒട്ടും തൃപ്തികരമല്ല. സമഗ്രമായ അന്വേഷണം സമയബന്ധിതമായി നടത്തി കുറ്റക്കാർക്ക് അർഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കണം. സായുധസേനാ പ്രത്യേകാധികാര നിയമം (AFSPA) അഫ്സ്പ പിൻവലിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഈ സംഭവം അടിവരയിടുന്നത്.”

നാഗാലാൻഡിൽ 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രംഗത്തെത്തിയിരുന്നു. ആത്മരക്ഷാർഥമാണ് സൈന്യം ഗ്രാമീണർക്ക് നേരെ വെടിയുതിർത്തതെന്നാണ് അമിത് ഷായുടെ വിശീകരണം. സംഭവത്തിൽ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *