കൊയിലാണ്ടി നഗരത്തിലെ അനധികൃത കൈയ്യേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ആര്?

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ നടക്കുന്ന അനധികൃത കൈയ്യേറ്റങ്ങൾ ആരുടെയൊക്കെയോ അനുമതിയോടെയാണ് നടക്കുന്നത്. ഉദ്യോഗസ്ഥരോ? ഭരണകൂടമോ? അതുമല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോ?ആരാണ് ഇവർക്ക് ഒത്താശ ചെയ്യുന്നത് ?
ദേശീയപാതയുടെ കിഴക്ക് വശത്തുള്ള പൊളിഞ്ഞ് വീഴാറായ മുഴുവൻ ബിൽഡിംഗുകളും ഇപ്പോൾ നല്ല പുത്തൻ കുപ്പായമണിഞ്ഞ് മൊഞ്ചുള്ള ബിൽഡിംഗുകൾ ആയി മാറിയിരിക്കുന്നു. ഇപ്പോഴും ബപ്പൻക്കാട് ജംഗ്ഷന് സമീപം അവധി ദിവസങ്ങളിൽ മാത്രം രണ്ട് കടയുടെ പ്രവർത്തി നടന്ന് കൊണ്ടിരിക്കുന്നു. ഇരുനില ഹോട്ടൽ പണിത് കച്ചവടം പൊടിപൊടിക്കുന്നു. ജനങ്ങളുടെ സഞ്ചാര പാത കൈയ്യേറി ഗ്യാസ് സിലിണ്ടറുകൾ പൊതുവഴിയിൽ വെച്ച് പ്രവർത്തിക്കുന്നു.ഇതിനെതിരെ നടപടിയെടുക്കാൻ ഇവിടെ ആരുണ്ട്? റെയിൽവേ സ്റ്റേഷൻ റോഡിൽ പൊളിഞ്ഞ് വീണ കെട്ടിടം ഇരുട്ടിൻ്റെ മറവിൽ ഇരുപതോളം പണിക്കാരെ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തത് ആരുടെ ബലത്തിലാണ്? ബസ് സ്റ്റാൻഡിൻ്റെ തെക്ക് ഭാഗത്തുള്ള മൂന്ന് നില കെട്ടിടത്തിൻ്റെ പാർക്കിങ് കെട്ടി അടച്ച് ഗോഡൗൺ ആക്കുന്നതിൽ ആർക്കാണ് പങ്ക്? ഇങ്ങിനെ എണ്ണിയാൽ തീരാത്ത അനധികൃത കൈയ്യേറ്റമാണ് കൊയിലാണ്ടി നഗരത്തിൽ നടക്കുന്നത്.
ഇപ്പോൾ ഇതാ സെൻറർപോയിൻറ് ബിൽഡിങ്ങിലെ പഴയ മമ്മാസ് ഹോട്ടലിൻ്റെ ഗോവണിപ്പടിക്കുള്ളിൽ നഗരസഭയുടെ യാതൊരു അനുമതിയും ഇല്ലാതെ ശ്രീ മുത്തപ്പൻ ലോട്ടറി ഏജൻസീസ് എന്ന പേരിൽ ലോട്ടറിയുടെ മൊത്തക്കച്ചവടം. ഇരുട്ടിൻ്റെ മറവിൽ ചുമർ കെട്ടിയും, ടൈൽസ് വിരിച്ചും പിന്നീട് ഷട്ടർ വെച്ചും ഒക്കെ വർഷങ്ങൾ കൊണ്ട് ഇത് ഒരു ഒറ്റമുറി കടയാക്കി എടുത്തു.യാതൊരു അനുമതിയും ഇല്ലാത്ത ഈ ഒരു ഒറ്റമുറി പൂർണ്ണതോതിൽ എത്തിയാൽ ആർക്കൊക്കെയാണ് ഇതിൻ്റെ പങ്ക് ലഭിക്കുന്നത്?ഇതിനെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോ, ഭരണകൂടമോ, എന്തിന് പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികളോ തയ്യാറാകുമോ?
നഗരത്തിലെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരേ ജനങ്ങൾക്കിടയിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കാശുള്ളവന് ഇവിടെ എന്തുമാകാം ഇതാണ് കൊയിലാണ്ടിയുടെ ഇന്നത്തെ അവസ്ഥ. പണ്ട് ഉത്തരം കൈയ്യേറ്റങ്ങൾക്ക് എതിരെ പ്രതികരിച്ചിരുന്ന യുവജന സംഘടനകളെ ഇപ്പോൾ കാണാൻ പോലുമില്ല എന്നതാണ് വാസ്തവം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *