മൈസൂർ കൂട്ടബലാത്സംഗം; പെണ്‍കുട്ടി മൊഴി രേഖപ്പെടുത്താതെ നഗരം വിട്ടെന്ന് പോലീസ്

ബാംഗ്ലൂർ :മൈസൂരുവിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയും കുടുംബവും മൊഴി രേഖപ്പെടുത്താൻ നിൽക്കാതെ നഗരം വിട്ടുപോയെന്ന് പോലീസ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താത്തത് അഞ്ച് പ്രതികൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസിനെ ദുർബലപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

പെൺകുട്ടി മൊഴി രേഖപ്പെടുത്താൻ തയ്യാറായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കേസിൽ നേരത്തെ മൊഴി രേഖപ്പെടുത്താതിരുന്നത് പെൺകുട്ടിയുടെ മാനസികനില കണക്കിലെടുത്താണെന്നായിരുന്നു പോലീസും സർക്കാർ അധികൃതരും നൽകുന്ന വിശദീകരണം.

ചാമുണ്ഡി ഹിൽസിന് സമീപത്ത് വെച്ചാണ് ആറംഗ സംഘം ആൺസുഹൃത്തിനെ മർദിക്കുകയും ഒപ്പമുണ്ടായിരുന്ന എംബിഎ വിദ്യാർഥിനിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പണം തട്ടാനും പ്രതികൾ ശ്രമിച്ചു.

സംഭവത്തിൽ ആൺസുഹൃത്ത് പരാതിപ്പെട്ടതു പ്രകാരമാണ് തമിഴ്നാട് സ്വദേശികളായ അഞ്ച് പേർക്കെതിരേ പോലീസ് കേസെടുത്തത്. അറസ്റ്റിലായവരിൽ ഒരു പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ബസ് ടിക്കറ്റ് മദ്യകുപ്പികൾ തുടങ്ങിയ തെളിവുകളും പോലീസ് കണ്ടെടുത്തിരുന്നു.

ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയും സുഹൃത്തും പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൈസൂരുവിൽ പഠിക്കുന്ന പ്രതികൾ സംഭവത്തിനുശേഷം രക്ഷപ്പെട്ടെന്നായിരുന്നു ആദ്യവിവരം. പിന്നീട് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *