മൈ ഡിയര്‍ മമ്മി പ്രദര്‍ശനത്തിന്

_MG_1513അച്ചുവിന്റെ അമ്മ, മമ്മി ആന്‍ഡ് മീ എന്നീ കുടുംബ ചിത്രങ്ങളുടെ വിജയത്തിന്റെ കരുത്തുമായി ഉര്‍വശി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം ‘മൈ ഡിയര്‍ മമ്മി’ പ്രദര്‍ശനത്തിന്. ഒരു അമ്മയുടെയും മകളുടെയും ഒരുമിച്ചുള്ള കോളേജു ജീവിതത്തിന്റെ രസകരമായ കഥ പറയുന്നു. ക്യാമ്പസ് സിനിമകള്‍ എന്നും പ്രേക്ഷകര്‍ക്ക് ഹരമാണ്. കോളേജു ലൈഫിന്റെ മനോഹാരിത ഒപ്പിയെടുത്ത വിജയ ചിത്രങ്ങള്‍ മലയാളത്തില്‍ അനവധിയാണ്. എന്നാല്‍ ഒരേ സമയം തന്നെ ക്യാമ്പസിന്റെ വര്‍ണക്കൂട്ടുകളില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചിടുന്ന തികച്ചും വ്യത്യസ്തമായ ഒരു ട്രീറ്റ്‌മെന്റാണ്. ”മൈ ഡിയര്‍ മമ്മി” യിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ പൂര്‍ത്തിയായി. അമ്മയുടെയും മകളുടെയും തീവ്ര ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ഒരേ സമയം തന്നെ പ്രേക്ഷകന് ഒരു യൂത്ത് ചിത്രത്തിന്റെ ഫ്രെഷ്‌നെസ്സും കുടുംബ ചിത്രത്തിന്റെ ഊഷ്മളതയും സമ്മാനിക്കുന്നു. 


കോടീശ്വരനായ കുരിശിങ്കല്‍ റോയിച്ചന്റെ ഭാര്യയാണ് കത്രീന. അവര്‍ക്ക് ഒരു മകളുണ്ട്. സാന്ദ്ര. സന്തോഷകരമായ ജീവിതത്തിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ റോയിച്ചന്‍ ആത്മഹത്യ ചെയ്യുന്നു. അതിനു ശേഷം കത്രീന മകള്‍ക്ക് വേണ്ടി മാത്രം ജീവിച്ചു. ചെറിയ പ്രായത്തില്‍ വിധവയാകുന്ന കത്രീന വളരെ കഷ്ടപ്പെട്ട് മകളെ പഠിപ്പിക്കുന്നു. തന്റെ ലുബ്ദത മൂലം വെളുത്ത കത്രീന, പിശുക്കി കത്രീന എന്നീ അപര നാമങ്ങളിലും നാട്ടുകാര്‍ക്കിടയില്‍ കത്രീന സുപരിചിതയാകുന്നു.
നാട്ടിലെ കാര്‍ഷിക പദ്ധതിയുടെ അധ്യക്ഷയാണ് കത്രീന. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള കത്രീനയെ മാറ്റി, കര്‍ഷകര്‍ക്കായി നടപ്പാക്കുന്ന മലയോര പദ്ധതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ബിരുദധാരിയായ ഒരാളെ കൃഷി ഓഫീസറായ എബ്രഹാം നിയമിക്കുന്നു. അയാള്‍ മകളുടെയും മറ്റുള്ളവരുടെയും മുന്നില്‍ വച്ചു ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവില്ലെന്ന് കാട്ടി കത്രീനയെ കളിയാക്കുന്നു. അപമാനിതയായ കത്രീന മകള്‍ പഠിക്കുന്ന കോളേജില്‍ ചേര്‍ന്ന് തുടര്‍ന്നു പഠിക്കാന്‍ തീരുമാനിക്കുന്നു.
സുന്ദരികളായ അമ്മയും മകളും ഒരേ കോളേജില്‍ നേരിടുന്ന രസകരമായ അനുഭവങ്ങളിലൂടെ കഥ വികസിക്കുന്നു. മലയാളത്തില്‍ ഇന്നുവരെ കാണാത്ത ഒരു വ്യത്യസ്തമായ ജനുസില്‍ പെടുന്ന ഒരു ചിത്രമായിരിക്കും ഇത് എന്ന് സംവിധായകന്‍ പറഞ്ഞു. മന്ത്രി പി.ജെ.ജോസഫിന്റെ തൊടുപുഴ പുറപ്പുഴയുള്ള പാലത്തിനാല് വീടാണ് കുരിശിങ്കല്‍ തറവാടാകുന്നത്. കത്രീനയായി ഉര്‍വശിയും കോളേജു കുമാരിയായ മകളായി കാതല്‍ സന്ധ്യയും റോയിച്ചനായി ലാലു അലക്‌സും കോളേജു കുമാരനായ രാഹുല്‍ തോമസായി വിനുമോഹനും കൃഷി ഓഫീസറായ എബ്രഹാമായി മണിയന്‍പിള്ള രാജുവും വേഷമിടുന്നു.
ഉര്‍വശി, ലാലു അലക്‌സ്, കാതല്‍ സന്ധ്യ, വിനു മോഹന്‍, മണിയന്‍പിള്ള രാജു, ബിന്ദു പണിക്കര്‍, ജനാര്‍ദ്ദനന്‍, സലിം കുമാര്‍, കെ.പി.എ.സി ലളിത, കൊച്ചു പ്രേമന്‍, ബിജുക്കുട്ടന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ അണി നിരക്കുന്ന ഈ ചിത്രം മൂന്നു സംവിധായകരുടെ കൂട്ടായ്മയുടെ വിജയമായിരിക്കും. സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറയുടെ തിരക്കഥയും സംവിധായകനും ക്യാമറാമാനുമായ വിപിന്‍ മോഹന്റെ ഛായാഗ്രഹണവും ജി.മഹാദേവന്റെ സംവിധാനവും ഈ ചിത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഇഫാര്‍ ഇന്റര്‍നാഷണലിനു വേണ്ടി റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം ആര്‍.ഡി.പ്രൊഡക്ഷന്റെ ബാനറില്‍ ദീപു രമണന്‍, ജോഷി കണ്ഠത്തില്‍ എന്നിവര്‍ നിര്‍മ്മിക്കുന്നു. കൈതപ്രം, പന്തളംസുധാകരന്‍, റാഫി മതിര എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം നല്‍കുന്നു. നജീം അര്‍ഷാദ്, ദുര്‍ഗ്ഗ വിശ്വനാഥ് എന്നിവര്‍ക്കു പുറമേ മന്ത്രി പി.ജെ.ജോസഫും ‘മൈ ഡിയര്‍ മമ്മി’യില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. കലാസംവിധാനം ബിജു വിജയ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജന്‍ പൂജപ്പുര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജു നെല്ലിമൂട്. ചിത്രം ഏപ്രില്‍ മാസം ബീബാ ക്രിയേഷന്‍സ് പ്രദര്‍ശനത്തിനെത്തിക്കും.
[slideshow_deploy id=’578’]


 

 


Sharing is Caring