
കൊച്ചി: നീല മുത്തൂറ്റ് എന്നറിയപ്പെടുന്ന 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ് നടപ്പു സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിലെ ശക്തമായ പ്രവർത്തന ഫലം പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തെ അപേക്ഷിച്ച് 29.08 ശതമാനം വർധനവോടെ 19,631.06 കോടി രൂപയുടെ സംയോജിത വായ്‌പാ വിതരണ നേട്ടമാണ് മുത്തൂറ്റ് ഫിൻകോർപ് കൈവരിച്ചത്. ആകെ കൈകാര്യംചെയ്യുന്ന ലോണ്‍ ആസ്തികള്‍ 39,256.92 കോടി രൂപയിലെത്തി. ഈ സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ 303.51 കോടി രൂപയാണ് അറ്റാദായം. 2024 സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തെ അപേക്ഷിച്ച് 42.17 ശതമാനം വർധനവാണിതു സൂചിപ്പിക്കുന്നത്.
മുത്തൂറ്റ് ഫിൻകോർപിന്‍റെ മാത്രം വായ്പാ വിതരണം 2024 സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ 12,573.86 കോടി രൂപയിൽ നിന്നും 37.17 ശതമാനം വർധിച്ച് 17,247.81 കോടി രൂപയിലെത്തിയിട്ടുണ്ട്. അറ്റാദായം 64.72 ശതമാനം വർധിച്ച് 181.17 കോടി രൂപയിലെത്തി. മുന്‍ വർഷം സമാന ത്രൈമാസത്തില്‍ 109.98 കോടി രൂപയായിരുന്നു അറ്റാദായം. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വർഷത്തെ ഒന്നാം പാദത്തെ അപേക്ഷിച്ച് 32 ശതമാനം വർധനവോടെ 24,891.69 കോടി രൂപയിലെത്തി. വരുമാനം 2024 സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം ത്രൈമാസത്തിലെ 869.70 കോടി രൂപയില്‍ നിന്ന് 43.06 ശതമാനം വർധിച്ച് 1,244.22 കോടി രൂപയിലെത്തി.

സാമ്പത്തിക വർഷത്തിന്‍റെ ഈ പാദം ശക്തമായിരുന്നുവെന്നും ഞങ്ങളുടെ എല്ലാ ബിസിനസുകളിലുമുള്ള വളർച്ച, പ്രധാന ലക്ഷ്യങ്ങളോടുള്ള ഞങ്ങളുടെ തുടർച്ചയായ അർപ്പണബോധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും മുത്തൂറ്റ് ഫിൻകോർപ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. മൂന്ന് മുഖ്യ ഘടകങ്ങളിൽ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയായിരുന്നു. സാധാരണക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തും വിധം തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നു ആദ്യത്തേത്. രണ്ടാമതായി മികച്ച സേവനങ്ങൾ നൽകുകയും എല്ലാവരെയും ഔപചാരിക സാമ്പത്തിക ചട്ടക്കൂടിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതിനായി ഡിജിറ്റലൈസേഷൻ ശക്തിപ്പെടുത്തുക. മൂന്നാമതായി ഉത്തരവാദിത്വത്തോടെയും സുസ്ഥിരമായ വളർച്ചയ്ക്ക് വേണ്ടി ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ച് മുന്നേറുക. ഈ മുൻഗണനകൾ സമൂഹത്തിൽ ക്രിയാത്മക മാറ്റങ്ങൾ സൃഷ്ടിക്കാൻ തങ്ങളെ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ത്രൈമാസ വായ്‌പാ വിതരണം ആയിരുന്നു ഇതെന്നും ഈ ആവേശം മുന്നോട്ടു കൊണ്ടു പോകാൻ തങ്ങൾ ശ്രമിക്കുമെന്നും മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. താഴെക്കിടയിൽ ഉള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവരെ സഹായിക്കാനുള്ള ഞങ്ങളുടെ ഇച്ഛാശക്തി എന്നത്തേക്കാളും ശക്തമാണ്. തങ്ങൾ എല്ലാ മേഖലകളിലും വൈവിധ്യവൽക്കരണവുമായി മുന്നോട്ടു പോകുമ്പോൾ അത് ഉപഭോക്താക്കളുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും മെച്ചപ്പെടുത്തലുകൾ വരുത്തുമെന്ന് ഉറപ്പാക്കും. രാഷ്ട്ര നിർമ്മാണവും ഉപഭോക്താക്കൾക്കായുള്ള സാമ്പത്തിക സേവനങ്ങളും മെച്ചപ്പെടുത്തി തങ്ങൾ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
