മുത്തൂറ്റ് സ്നേഹസമ്മാനം 2024 പദ്ധതിക്ക് അപേക്ഷ ക്ഷണിച്ച് മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളത്തിലെ ക്ഷേത്ര കലാരൂപങ്ങളുമായി ബന്ധപ്പെട്ട സമുന്നതരായ കലാകാരന്മാരില്‍ നിന്ന് മുത്തൂറ്റ് സ്നേഹസമ്മാനം പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു. ഉപജീവനമാര്‍ഗത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആദരണീയരായ കലാകാരന്മാര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം നല്‍കുന്നതിന് 2014-ല്‍ ആരംഭിച്ച ഒരു സിഎസ്ആര്‍ പദ്ധതിയാണിത്. ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി എറണാകുളത്തെ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം സംഘടിപ്പിച്ചു. മുത്തൂറ്റ് ഫിനാന്‍സ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.

കലയെയും കലാകാരന്മാരെയും സംരക്ഷിക്കുന്നത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും അഭിമാനവും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ്. മുത്തൂറ്റ് സ്നേഹസമ്മാനത്തിന്‍റെ ഭാഗമായി മുൻപ് കലാരംഗത്ത് പ്രശോഭിച്ചിരുന്നവരും ഇന്ന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായുള്ള മുതിര്‍ന്ന കലാകാരന്മാരെ പിന്തുണയ്ക്കാനും ആവശ്യമായ സഹായം നല്‍കാനും മുത്തൂറ്റ് ഫിനാന്‍സ് ലക്ഷ്യമിടുന്നു. കഥകളി, താളവാദ്യം (ചെണ്ട), മൃദംഗം, സരസ്വതി വീണ, തന്‍പുര, നാഗസ്വരം, ഇടയ്ക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചേങ്ങില, ഇലത്താളം, കൊമ്പ്, ഓടക്കുഴല്‍ തുടങ്ങിയ കേരളത്തിലെ ക്ഷേത്രകലാരൂപങ്ങളുമായി ബന്ധപ്പെട്ട വിവിധ കലാകാരന്മാര്‍ക്ക് കമ്പനി സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യും. സ്നേഹസമ്മാനം പദ്ധതി കൂടാതെ ചികിത്സ സഹായം ആവശ്യമുള്ള കലാകാരന്മാര്‍ക്കായി പത്തനംതിട്ടയിലോ കോഴഞ്ചേരിയിലോ ഉള്ള ആശുപത്രികളില്‍ സൗജന്യമായോ, ചെലവുകുറഞ്ഞ രീതിയിലോ ആയ ആരോഗ്യ പരിശോധനകളും ചികിത്സാ സൗകര്യങ്ങളും കമ്പനി ലഭ്യമാക്കുകയും ചെയ്യും.

ലഭിച്ച അപേക്ഷകളുടെയും കലാകാരന്മാരുടെ ആവശ്യകതയുടെയും അടിസ്ഥാനത്തില്‍ സൂക്ഷ്മമായി വിലയിരുത്തിയതിനു ശേഷം മുത്തൂറ്റ് ഫിനാന്‍സ് പ്രതിമാസ ഗ്രാന്‍റിന്‍റെ തുക നിശ്ചയിക്കും.

രാജ്യത്തിന്‍റെ ചരിത്രത്തെ ഉയര്‍ത്തിക്കാട്ടുന്ന വൈവിധ്യമാര്‍ന്ന സംസ്കാരവും പൈതൃകവും കൊണ്ട് ഇന്ത്യ അനുഗ്രഹീതമാണ്. രാജ്യത്തിന്‍റെ സമ്പന്നമായ ചരിത്രം, വൈവിധ്യം, സംസ്കാരം, പൈതൃകം എന്നിവ മനസ്സിലാക്കാനും അതിലേക്ക് തിരികെ എത്തിപ്പെടാനും നിലവിലെയും ഭാവിയിലെയും തലമുറകളെ സഹായിക്കുന്നതില്‍ ഇന്ത്യന്‍ കലാകാരന്മാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും കലാകാരന്മാര്‍ നല്‍കിയ സംഭാവനകള്‍ വിലകുറച്ചാണ് കാണുന്നത്. മുത്തൂറ്റ് ഫിനാന്‍സ് കലയുടെയും കലാകാരന്മാരുടെയും മൂല്യം തിരിച്ചറിഞ്ഞ് രാജ്യത്തെ കലാകാരന്മാരുടെ സമൂഹത്തെ പിന്തുണയ്ക്കുന്നതിന് പരമാവധി പരിശ്രമിക്കുന്നു. സിഎസ്ആര്‍ പദ്ധതിയിലൂടെ ഇത്തരം കലാകാരന്മാരുടെ സമൂഹത്തെ പിന്തുണച്ച് കലാകാരന്മാര്‍ നമ്മുടെ സംസ്കാരത്ത് ഉയര്‍ത്തിപ്പിടിക്കുന്നവരായി തുടരുന്നത് ഉറപ്പാക്കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറെ അഭിസംബോധന ചെയ്ത് ഒരു അഭ്യര്‍ത്ഥന കത്ത്, അതാത് മേഖലയിലെ ഒരു വിദഗ്ധനില്‍ നിന്നുള്ള ശുപാര്‍ശ കത്ത്, റേഷന്‍ കാര്‍ഡിന്‍റെയും ആധാര്‍ കാര്‍ഡിന്‍റെയും പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ, ലഭിച്ച അവാർഡുകളുടെയും അംഗീകാരങ്ങളുടെയും വിവരങ്ങൾ തുടങ്ങി എല്ലാ രേഖകളും സഹിതം അപേക്ഷ സമര്‍പ്പിച്ചുകൊണ്ട് യോഗ്യരായ കലാകാരന്മാര്‍ക്ക് ഈ ഗ്രാന്‍റുകള്‍ പ്രയോജനപ്പെടുത്താം. അപേക്ഷാ കവറില്‍ ‘മുത്തൂറ്റ് സ്നേഹസമ്മാനത്തിനുള്ള അപേക്ഷ’ എന്ന് വ്യക്തമായി രേഖപ്പെടുത്തി അപേക്ഷ 2023 ഡിസംബര്‍ 20-ന് വൈകുന്നേരം 5:30ന് മുമ്പായി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്, മുത്തൂറ്റ് ചേമ്പേഴ്സ്, രണ്ടാം നില, ബാനര്‍ജി റോഡ്, സരിത തിയേറ്റര്‍ എതിര്‍വശം, എറണാകുളം, കേരളം – 682018 വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-6690386 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *