വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക്

യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിയ്ക്കും. ശനിയാഴ്ച കൊച്ചിയില്‍ നിന്ന് ഇവര്‍ യെമനിലേക്ക് തിരിക്കും. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു.

ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം. ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലേക്ക് പോകുന്നത്.യെമനിലേക്ക് പോകാന്‍ ഇവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും യെമനിലേക്ക് പോകും. ശനിയാഴ്ച കൊച്ചിയില്‍ നിന്ന് മുംബൈ വഴിയാണ് ഇരുവരും യാത്ര തിരിക്കുന്നത്.

മുംബൈയില്‍ നിന്ന് യെമനിലെ എഡെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ആദ്യമെത്തുക. അവിടെ നിന്ന് കരമാര്‍ഗം സനയിലേക്ക് പോകും. തുടര്‍ന്ന് അടുത്ത ദിവസം ഇരുവരും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ സന്ദര്‍ശിച്ചേക്കും. നിലവില്‍ യെമനിലെ സര്‍ക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഈ സഹചര്യത്തില്‍ ‘സേവ് നിമിഷ പ്രിയ’ ആക്ഷന്‍ കൗണ്‍സിലാണ് യെമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്.

നിമിഷ പ്രിയയയുടെ അമ്മയ്ക്ക് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് നടത്തുകയും, വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നത് അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ്. നിമിഷപ്രിയയുടെ കുടുംബം യെമന്‍ സന്ദര്‍ശിച്ചാല്‍ അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ അമ്മ പ്രേമകുമാരിയെ അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *