ലോകകപ്പ് സെമിയില്‍ കളി നിയന്ത്രിച്ച റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കി മൊറോക്കോ


ഫ്രാന്‍സിനെതിരായ ലോകകപ്പ് സെമിയില്‍ കളി നിയന്ത്രിച്ച റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കി മൊറോക്കോ.സോഫിയാന്‍ ബൗഫളിനെ ഫൗള്‍ ചെയ്തതിന് മൊറോക്കോയ്ക്ക് റഫറി പെനാല്‍റ്റി അനുവദിക്കാതിരുന്നത് ചൂണ്ടിയാണ് പരാതി.


ആദ്യ പകുതിയില്‍ ബൗഫളിനെ വീഴ്ത്തിയതിന് മൊറോക്കോയ്ക്ക് പെനാല്‍റ്റി അനുവദിക്കാതിരുന്ന റഫറി തിയോ ഹെര്‍ണാണ്ടസിന് എതിരായ ഫൗളില്‍ റാമോസിന് നേര്‍ക്ക് മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. സെലിം അമല്ലയെ രണ്ടാം പകുതിയില്‍ വീഴ്ത്തിയിട്ടും റഫറി അവഗണിച്ചു.


രണ്ട് പെനാല്‍റ്റി മൊറോക്കോ അര്‍ഹിച്ചിരുന്നിട്ടും നല്‍കിയില്ല എന്ന് കാണിച്ചാണ് മൊറോക്കോ ഫിഫയ്ക്ക് പരാതി നല്‍കിയത്. വീഡിയോ അസിസ്റ്റ് റഫറി ഇടപെട്ടില്ലെന്ന വിമര്‍ശനവും ഇവര്‍ ഉന്നയിക്കുന്നു. സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാന്‍സിന് മുന്‍പില്‍ മൊറോക്കോ വീണത്. തിയോ ഹെര്‍നാണ്ടസും റാന്‍ഡലുമാണ് ഫ്രാന്‍സിനായി വല കുലുക്കിയത്.

ഫൈനലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം എന്ന ചരിത്ര നേട്ടമാണ് മൊറോക്കോയ്ക്ക് നഷ്ടമായത്. എന്നാല്‍ മൂന്നാം സ്ഥാനം പിടിച്ച്‌ ചരിത്രമെഴുതാന്‍ മൊറോക്കോ നാളെ ഇറങ്ങും. സെമിയില്‍ അര്‍ജന്റീനയോട് തോറ്റ ക്രൊയേഷ്യയാണ് മൂന്നാം സ്ഥാനത്തിനായുള്ള പോരില്‍ മൊറോക്കോയ്ക്ക് മുന്‍പില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മൊറോക്കോ ക്രൊയേഷ്യയെ സമനിലയില്‍ പിടിച്ചിരുന്നു.



Sharing is Caring