അസമില്‍ നിന്ന് 330 ലധികം ബംഗ്ലാദേശ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ കഴിഞ്ഞു;ഹിമന്ത് ബിശ്വ ശര്‍മ്മ


himantha biswa sarma

അസമില്‍ നിന്ന് 330 ലധികം ബംഗ്ലാദേശ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ കഴിഞ്ഞുവെന്നും ഇനിയും അത് തുടരുമെന്നും വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ. അസം സർക്കാരിന് ഇതില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.1950-ലെ കുടിയേറ്റക്കാരെ പുറത്താക്കുന്ന നിയമത്തെ പരാമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അനധികൃത നുഴഞ്ഞ് കയറ്റക്കാരെ കണ്ടെത്താനും അവരെ പുറത്താക്കാനും ജില്ല കമ്മീഷണര്‍ക്ക് അധികാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.


അതേ സമയം, പലസ്തീനെയും അസമിനെയും പറ്റി മാത്രം പോസ്റ്റ് ചെയ്യുന്ന വിവിധ അക്കൗണ്ടുകള്‍ റിയാദില്‍ നിന്നും ഇസ്ലാമാബാദില്‍ നിന്നും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തെ ഒരു പ്രത്യേക നേതാവിന് പിന്തുണ അറിയിക്കുന്നുണ്ടെന്നും ഹിമന്ത് ബിശ്വ ശര്‍മ്മ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു.ഞാന്‍ ആദ്യം ഒരു അസാമുകാരനും പിന്നീട് മുഖ്യമന്ത്രിയുമാണ്, എൻ്റെ എല്ലാ പ്രവര്‍ത്തനങ്ങളും അത് പ്രതിഫലിപ്പിക്കും.


അസമിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയില്‍, മുന്‍ മുഖ്യമന്ത്രിമാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതില്‍ ഞങ്ങള്‍ മടിക്കുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. 1950 ലെ നിയമവിരുദ്ധ കുടിയേറ്റക്കാരെ അസാമില്‍ നിന്ന് പുറത്താക്കുന്ന നിയമം പൊതുജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായി താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കാനുള്ള അധികാരം സംസ്ഥാനത്തിന് നല്‍ക്കുന്നുണ്ടെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



Sharing is Caring