ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വർണ്ണാഭരണങ്ങളും പേഴ്‌സും കാണാതായതായി എഫ്‌ഐആർ റിപ്പോർട്ട്. രാജയുടെ സ്വർണ്ണ മാല, വിവാഹനിശ്ചയ മോതിരം, വിവാഹ മോതിരം, സ്വർണ്ണ ബ്രേസ്‌ലെറ്റ്, പണമടങ്ങിയ പെഴ്സ് എന്നിവയെല്ലാം കാണാതായതായാണ് റിപ്പോർട്ടിൽ പറയുന്നത്. രാജയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രാജ രഘുവംശിയുടെ ഭാര്യ സോനം ഉത്തർപ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങിയത്.
മറ്റൊരു പുരുഷനുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നതായും ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് പുറത്തുവന്ന വിവരം. വാടക കൊലയാളികളുടെ സഹായത്തോടെയാണ് ഭാര്യ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ഇവരെ ഷില്ലോങ്ങിലെ ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

എഫ്‌ഐആറിൽ പറയുന്നതിങ്ങനെ,
മെയ് 10 ന് മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് വിവാഹിതരായ ഇവർ മെയ് 21-ന് ഷില്ലോങ്ങിൽ എത്തിയിരുന്നു. അടുത്ത ദിവസം മെയ് 22 ന്, ദമ്പതികൾ സൊഹ്‌റയിലേക്ക് (ചിറാപുഞ്ചി) പോകാൻ ഒരു സ്കൂട്ടർ വാടകയ്‌ക്കെടുത്തു. ഉച്ചകഴിഞ്ഞ് ഇരുവരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ കുടുംബത്തിന് ആശങ്കയുണ്ടാക്കി. ദിവസങ്ങൾ നീണ്ട തിരച്ചിലിനുശേഷം ജൂൺ 2-ന് ചിറാപുഞ്ചിക്ക് സമീപമുള്ള ഒരു വനപ്രദേശത്തെ മലയിടുക്കിൽ രാജയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു.സോനവും കാമുകനെന്ന് ആരോപിക്കപ്പെടുന്ന രാജ് കുശ്വാഹയും ചേർന്ന് മുൻകൂട്ടി ആസൂത്രണം ചെയ്തത കൊലപാതകമാണിതെന്ന് പൊലീസ് സംശയിക്കുന്നു. രാജ് ദമ്പതികളോടൊപ്പം മേഘാലയയിലേക്ക് പോയില്ലെങ്കിലും, ഫോണിലൂടെ സോനവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
അതേസമയം, മേഘാലയ പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നാണ് സോനത്തിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പിതാവ് ദേവി സിംഗ് ആവശ്യപ്പെട്ടു.ഞായറാഴ്ച രാത്രി സോനം ഗാസിപൂരിലെ ഒരു ധാബയിലെത്തി സഹോദരനെ വിളിച്ചതായും തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തതായും പിതാവ് പറഞ്ഞു. “മേഘാലയയിൽ വെച്ച് അവളെ അറസ്റ്റ് ചെയ്തിട്ടില്ല. അവൾ തനിച്ചാണ് ഗാസിപൂരിലേക്ക് വന്നത്. എനിക്ക് ഇതുവരെ അവളോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ മകൾ എന്തിനാണ് ഭർത്താവിനെ കൊല്ലുന്നത്? മേഘാലയ പൊലീസ് കഥകൾ കെട്ടിച്ചമയ്ക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.













