മോൻസൺ മാവുങ്കൽ വിവാദം;ലോക്നാഥ് ബെഹ്‌റ ഡിജിപി ആയതിന് ശേഷമുള്ള കേരള പൊലീസിന്റെ പ്രവർത്തനം അന്വേഷിക്കണം: പി ടി തോമസ്

മോൻസൺ മാവുങ്കൽ വിവാദത്തിൽ കേരള പൊലീസിലെ ഉന്നതർ തട്ടിപ്പിൽ കൂട്ടുപ്രതികളാകുന്നുവെന്ന് പിടി തോമസ് എംഎൽഎ. പുരാവസ്തുക്കളുടെ മറവിലുള്ള തട്ടിപ്പ് ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്നാഥ് ബെഹ്‌റ ഡിജിപി ആയതിന് ശേഷമുള്ള കേരള പൊലീസിന്റെ പ്രവർത്തനം അന്വേഷിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറകണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.

ഇതിനിടെ പുരാവസ്തു തട്ടിപ്പില്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വാര്‍ഷിക യോഗമെന്നാണ് വിശദീകരണമെങ്കിലും വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്‌തേക്കും.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനോടൊപ്പമുള്ള സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് പ്രതിസന്ധിയിലായിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് യോഗം. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവിവരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ്‍ ഇടപെട്ടതുമെല്ലാം വിവാദമായിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അളക്കുന്നതില്‍ പൊലീസിന്റെ ഇടപെടലും ഘടകമാകുമെന്ന് മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *