
ന്യൂ ഡല്‍ഹി: ബിജെപി മന്ത്രിസഭയിലെ 45 കേന്ദ്രമന്ത്രിമാരുടെ പട്ടിക നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവന് കൈമാറി. 24 കാബിനറ്റ് മന്ത്രിമാരും 11 സഹ മന്ത്രിമാരും പട്ടികയിലുണ്ട് 10 സ്വതന്ത്ര മന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന.
പ്രതിരോധ വകുപ്പിന്റെ ചുമതല നരേന്ദ്ര മോദി തന്നെ വഹിക്കും. പ്രതിരോധ വകുപ്പില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരിക്കും ജനറല്‍ വികെ സിങ്.
മന്ത്രിസഭയില്‍ രാജ്‌നാഥ് സിംഗ് ആഭ്യന്തരമന്ത്രിയാകും.ധനകാര്യം അരുണ്‍ ജെയ്റ്റ്‌ലിയും, വിദേശകാര്യവകുപ്പ് സുഷമ സ്വരാജും, ഗതാഗത വകുപ്പ് നിതിന്‍ ഗഡ്കരിയും കൈകാര്യം ചെയ്യും.
ഹര്‍ഷ വര്‍ദ്ധന്‍ (ആരോഗ്യം), രവിശങ്കര്‍ പ്രസാദ് (വാര്‍ത്താവിതരണം), അരുണ്‍ ജെയ്റ്റ്‌ലി (ധനകാര്യം), നിതിന്‍ ഗഡ്ഗരി (ഉപരിതല ഗതാഗതം), ഉമാ ഭാരതി, ധര്‍മ്മേന്ദ്ര പ്രധാന്‍, പിയൂഷ് ഗോയല്‍, അനന്തകുമാര്‍, ഗോപിനാഥ് മുണ്ടെ, മനേകാ ഗാന്ധി എന്നിവരും പട്ടികയിലുണ്ട്. മുരളി മനോഹര്‍ ജോഷി, സുമിത്ര മഹാജന്‍, കരിയ മുണ്ട എന്നിവരെയാണ് ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

