ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇന്ന് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും സന്ദര്‍ശിക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇന്ന് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും സന്ദര്‍ശിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. സര്‍ക്കാരുമായുള്ള ഭിന്നത ചര്‍ച്ചയായേക്കും. നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ച 11 ബില്ലുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

രണ്ടാഴ്ചത്തെ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ വൈകിട്ട് ഡല്‍ഹിക്ക് തിരിക്കും. വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

കേരള സര്‍വകലാശാല വിസി നിയമന സെര്‍ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി വി പി ജോയ് കഴിഞ്ഞ ദിവസമാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് നടത്തിയ സന്ദര്‍ശനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് ഗവര്‍ണറെ സന്ദര്‍ശിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി-ഗവര്‍ണര്‍ കൂടിക്കാഴ്ച്ച അനുനയത്തിനാണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *