മെട്രോ ഉദ്ഘാടനം: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം


കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതാണ് ഇപ്പോള്‍ വിവാദമാകുന്നത്.


മെയ് 30 ന് മെട്രോ ഉദ്ഘാടനം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ മെയ് 29 മുതല്‍ ജൂണ്‍ നാലുവരെ പ്രധാനമന്ത്രി യൂറോപ്പ് പര്യടനത്തിലാണ്. ഒന്നരമാസം മുമ്ബ് നിശ്ചയിച്ചതാണ് വിദേശ പര്യടനം. ജര്‍മനി, സ്പെയിന്‍, റഷ്യ രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്. ജൂണ്‍ അഞ്ച്, ആറ് തിയതികളില്‍ ഒഴിവുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ പ്രധാനമന്ത്രിക്കായി കാക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികദിനത്തില്‍ തന്നെ ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.


ഉദ്ഘാടന തിയതി കേന്ദ്രനഗരവികസന മന്ത്രാലയത്തേയും കെഎംആര്‍എല്ലിനേയും അറിയിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. സര്‍ക്കാരിന്റെ പിടിവാശിയാണ് ഉദ്ഘാടനം മെയ് 30 ന് തന്നെ തീരുമാനിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

പ്രധാനമന്ത്രി നടത്തുന്ന വിദേശപര്യടനത്തിന്രെ തീയതി ഏപ്രില്‍ 19 നുതന്നെ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടതാണെന്നും മെയ് 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി ഇന്ത്യയില്‍ ഇല്ലെന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ചത് തികഞ്ഞ അല്‍പ്പത്തമാണെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു.

പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തിയ നീക്കമാണിത്. ഇതുകൊണ്ട് കേരളത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂ. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ആരും കളിക്കരുത്. ടീം ഇന്ത്യ എന്ന സ്പിരിററിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.



Sharing is Caring