സ്റ്റാന്‍ സാമിയുടെ മരണത്തില്‍ വിയ്യൂര്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാരുടെ പ്രതിഷേധം.

വിയ്യൂര്‍: ഫാ. സ്റ്റാന്‍ സാമിയുടെ മരണത്തില്‍ വിയ്യൂര്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാരുടെ പ്രതിഷേധം. സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകമാണെന്ന് ആരോപിച്ച്‌ രൂപേഷ് ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ നിരാഹാരമിരുന്ന് പ്രതിഷേധിച്ചു. സ്റ്റാന്‍ സാമിയുടെ മരണത്തില്‍ കോടതി ഒരു നിമിഷം മൗനമാചരിക്കണമെന്ന രൂപേഷിന്റെ അപേക്ഷ തള്ളിയിരുന്നു. ഇതേതുടര്‍ന്ന് രാജീവന്‍, രാജന്‍, ധനീഷ് എന്നിവര്‍ക്കൊപ്പം രൂപേഷും ജയിലില്‍ നിരാഹാരമിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യ നില മോശമാവുകയും ചെയ്യുകയായിരുന്നു. മരണം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കോടതി സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മരണം.

2018 ജനുവരി 1നാണ് പുനെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. ജയിലില്‍ തുടരുന്നതിനിടെ കോടതി ഇടപെടലിനെ തുടര്‍ന്ന് മേയ് 28നാണ് സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാനും കോടതി അനുവദിച്ചിരുന്നു. ഇതിനിടെയാണ് ആരോഗ്യ നില മോശമായതും മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യം നല്‍കിയില്ലെങ്കില്‍ താന്‍ ജയിലില്‍ കിടന്ന് മരിക്കുമെന്ന് നേരത്തെ സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *