കല്‍പറ്റ: പോലീസുകാരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വെള്ളമുണ്ട നിരവില്‍പ്പുഴ മട്ടിലയത്തുള്ള സിവില്‍ പോലിസ് ഓഫീസര്‍ പ്രമോദിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കുകയും അക്രമം നടത്തുകയും ചെയ്തത്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പേര്യ റെയ്ഞ്ച് വനത്തോട് ചേര്‍ന്ന് കിടക്കുന്ന മട്ടിലയം പാലമട്ടംകുന്ന് പ്രമോദിന്റെ വീട്ടിലാണ് മൂന്നു വനിതകളടക്കമുള്ള നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്.
മാനന്തവാടി ട്രാഫിക് യൂനിറ്റില്‍ ജോലി ചെയ്യുന്ന പ്രമോദ് കോളനികളില്‍ നിന്നും മാവോവാദികളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും തിരച്ചിലുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. രാത്രി പതിനൊന്നോടെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘം വാതിലില്‍ മുട്ടിവിളിച്ചു. അമ്മയോടൊപ്പം താമസിക്കുന്ന പ്രമോദ് വാതില്‍ തുറക്കാന്‍ ശ്രമിക്കവെ അമ്മ തടയുകയും ജനല്‍ തുറക്കുകയുമായിരുന്നു. ജനല്‍ തുറന്ന ഉടനെ കൈയില്‍ കയറിപ്പിടിച്ച സംഘത്തലവന്‍ രൂപേഷ് തന്നെയാണെന്ന് പ്രമോദ് പറയുന്നു.
ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ പ്രമോദിന്റെ അമ്മയോട് മകനെ ഇനി പോലിസ് പണിക്ക് പറഞ്ഞയക്കരുതെന്നും കൃഷിപ്പണിക്ക് അയച്ചാല്‍ മതിയെന്നും ഇല്ലെങ്കില്‍ അമ്മക്ക് മകനുണ്ടാവില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയത്രെ. വീട്ടിലെ ലൈറ്റിടാനോ ബഹളം വെക്കാനോ തോക്കൂ ചൂണ്ടിയ സംഘം അനുവദിച്ചില്ലെന്ന് അമ്മ പറയുന്നു. കൈയില്‍ കൊണ്ടുവന്നരിുന്ന പോസ്റ്റര്‍ അവര്‍ തന്നെ കൊണ്ടുവന്ന ചോറ് ഉപയോഗിച്ച് ചുമരില്‍ പതിക്കുകയും ഷെഡ്ഡിലുണ്ടായിരുന്ന ബൈക്ക് മുറ്റത്തിറക്കി തീവെക്കുകയും ചെയ്തശേഷമാണ് ഇവര്‍ സ്ഥലംവിട്ടത്. ജനലിലൂടെ തന്നെ വെള്ളം പുറത്തേക്കൊഴിച്ചാണ് ബൈക്കിലെ തീ കെടുത്തിയത്.
ഇവര്‍ പോയി 15 മിനിറ്റ് കഴിഞ്ഞാണ് വീട്ടുകാര്‍ പോലിസിലും നാട്ടുകാരെയും വിവരമറിയിച്ചത്. തുടര്‍ന്ന് വെള്ളമുണ്ട പോലിസ് സ്ഥലത്തെത്തുകയും വീടിന് രാത്രി മുഴുവന്‍ കാവലേര്‍പ്പെടുത്തുകയും ചെയ്തു. രൂപേഷ് ഒഴികെയുള്ള മൂന്നു സ്ത്രീകളെയും പ്രമോദോ അമ്മ ജാനകിയോ തിരിച്ചറിഞ്ഞിട്ടില്ല. ചുമരില്‍ പതിച്ച പോസ്റ്ററിലും ഒറ്റുകാരെ സൃഷ്ടിക്കുന്ന ആദിവാസി ഹോംഗാര്‍ഡിനെതിരെയാണ് താക്കീത് ചെയ്തിട്ടുള്ളത്. ഒറ്റുകാര്‍ക്കുള്ള ശിക്ഷ മരണമാണെന്നും ഈ നോട്ടീസ് വെറും താക്കീത് മാത്രമാണെന്നും നോട്ടീസിലുണ്ട്.
